Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:50 am

Menu

Published on September 30, 2017 at 1:04 pm

സുജാത ഒരു മികച്ച ഉദാഹരണം – റിവ്യൂ

udaaharanam-sujatha-malayalam-movie-review

ഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉദാഹരണം സുജാത വലിയ ആരവങ്ങളില്ലാതെയാണ് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. തന്റെ രണ്ടാം വരവിൽ ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ മനംകവർന്ന മഞ്ജുവിന്റെ ഈ പുതിയ ചിത്രം ഒരു അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. ഫാൻറം പ്രവീണ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മാർട്ടിൻ പർക്കാട്ടും ജോജു ജോർജും ചേർന്നാണ്.

ഉദാഹരണം സുജാത
Year : 2017
Genre : Family, Drama

സിനിമക്ക് പറയാനുള്ളത്

വിധവയായ സുജാതയുടെയും പത്താം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകളുടെയും ജീവിതത്തിലൂടെയാണ് ഉദാഹരണം സുജാത കടന്നുപോകുന്നത്. നഗരത്തിലെ പലയിടങ്ങളിലായി വീട്ടുജോലിയും മറ്റുമായി കഷ്ടപ്പെട്ടാണ് സുജാത തന്റെ മകളെ വളർത്തുന്നത്. ഏതൊരു അമ്മയെയും പോലെ പഠിപ്പിച്ചു തന്റെ മകളെയും വലിയ നിലയിലാക്കണമെന്നു തന്നെയാണ് സുജാതയുടെയും ആഗ്രഹം. പഠിക്കാൻ കുഴപ്പമില്ലാത്ത മകൾ പക്ഷെ കണക്കിൽ മാത്രം തീരെ മാർക്ക് വാങ്ങാതെ വരുന്നതോടെ സുജാതയുടെ ആശങ്കകൾ കൂടിവരുന്നു. അങ്ങനെയിരിക്കെ മകളെ കണക്കിൽ മിടുക്കിയാക്കുന്നതിനായി അല്പം കടന്ന ഒരു കൈ പരീക്ഷിക്കാൻ സുജാത ഇറങ്ങുന്നിടത്ത് കഥ പുരോഗമിക്കുന്നു.

നല്ലതും ചീത്തയും

കഷ്ടപ്പാടുകൾക്കും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും മക്കളെ വളർത്തിയെടുക്കുന്ന, അവരെ നല്ല നിലയിൽ ഒന്ന് എത്തിക്കാണാൻ ഏറെ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മാതാപിതാക്കളുടെ ഒരു പ്രതിനിധിയായി മഞ്ജു വാര്യരുടെ പ്രകടനം കയ്യടി നേടുന്നു. ഒപ്പം മകളായി അഭിനയിച്ച പെണ്കുട്ടിയുടെ പ്രകടനം തീർത്തും പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ ഇമ്പമുള്ളതായിരുന്നു. പ്രത്യേകിച്ച് “ഉള്ളിൽ ആശിച്ചു..” എന്നു തുടങ്ങുന്ന പാട്ട് മനസ്സിൽ തങ്ങിനിന്നു.

ചിത്രത്തിന്റെ തീം, അവതരണം എന്നിവയെല്ലാം തന്നെ നല്ലതായിരുന്നെങ്കിലും സ്ത്രീപ്രാധാന്യമുള്ള സിനിമകളിൽ പലപ്പോഴായി കണ്ടുമടുത്ത ചില രംഗങ്ങൾ ആവർത്തന വിരസത തോന്നിപ്പിക്കും. സിനിമയുടെ ക്ലൈമാകസിനോട് ചേർന്നു വരുന്ന ചില രംഗങ്ങൾ ഏതു പ്രേക്ഷകനെയും അൽപ്പം കണ്ണു നിറയിപ്പിക്കുന്നവയായിരുന്നു.

അരങ്ങിലും അണിയറയിലും

മഞ്ജു വാര്യരെയും മകളായി അഭിനയിച്ച കുട്ടിയേയും കൂടാതെ മമ്ത മോഹൻദാസ്, നെടുമുടി വേണു, തുടങ്ങി ചെറിയൊരു താരനിരയിൽ എടുത്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ മധു നീലകണ്ഠൻ കൈകാര്യം ചെയ്യുന്നു.

കാണണോ വേണ്ടയോ

നന്മ നിറഞ്ഞ ഈ കൊച്ചു ചിത്രം, എത്ര മാത്രം ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്നു എന്നതിന്റെ ഒരു നേർചിത്രം മനസ്സിലാക്കിത്തരുന്നുണ്ട്. എങ്കിലും എല്ലാ തരം പ്രേക്ഷകരേയും ചിത്രം ആകർഷിക്കില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കൂടുതലായുള്ള സെന്റിമെൻസുകൾ നിറഞ്ഞ രംഗങ്ങൾ ചിലർക്കെങ്കിലും മടുപ്പ് തോന്നിച്ചേക്കാം. എങ്കിലും കുഴപ്പമില്ലാതെ ഒരു തവണയൊക്കെ ധൈര്യമായി ചിത്രം കാണാം. നല്ലൊരു സന്ദേശവും ചിത്രം നമുക്ക് നൽകും. തീർച്ച.

Rating : 3.5/5

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News