Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:46 pm

Menu

Published on July 24, 2017 at 3:30 pm

പ്രതികാരത്തിനായി ലൈംഗികമായി ആക്രമിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമെന്ന് കോടതി

verdict-on-dileeps-bail-plae-actress-molestation

കൊച്ചി: പ്രതികാരം ചെയ്യാനായി ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യമെന്ന് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ടാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

11 പേജുള്ള ഉത്തരവാണ് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ചത്. സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്നതില്‍ യാതൊരു സംശയവുമില്ലെന്നും അതിന് പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലായ സാഹചര്യത്തില്‍ ആരോപിതന് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. മാനേജര്‍ അപ്പുണ്ണി ഒളിവിലാണ്. അഭിഭാഷകനെയും ചോദ്യം ചെയ്യേണ്ടതുണ്ട്. അപൂര്‍വ്വമായ കേസാണിത്. പഴുതുകള്‍ അടച്ചുള്ള ഗൂഢാലോചനയും കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവവും കണക്കിലെടുത്ത് കരുതലോടെയേ ജാമ്യം നല്‍കാന്‍ കോടതിക്കാവൂ എന്നും കോടതി നിരീക്ഷിച്ചു.

കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തത് ജാമ്യം നിഷേധിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണും അതിനുപയോഗിച്ച മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ല. മെമ്മറി കാര്‍ഡ് ലഭിക്കാത്തത് ഇരയുടെ ജീവന് തന്നെ ഭീഷണിയാണ്. ജാമ്യത്തിലിറങ്ങിയാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്ത് അന്വേഷണത്തെ തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും കോടതി നിരീക്ഷിക്കുന്നു.

പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് ദിലീപ് പൊലീസിന് നല്‍കിയ പരാതി സത്യം പുറത്ത് വരുന്നതിന്റെ മുന്നോടിയായി നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ ബുദ്ധിപൂര്‍വ്വ നീക്കമാണെന്നും കോടതി നിരീക്ഷിച്ചു.

ദിലീപ് നടന്‍ മാത്രമല്ല വിതരണക്കാരനും നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയും കൂടിയായതിനാല്‍ ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഇത്ര നേരത്തെ ജാമ്യത്തില്‍ വിടാനാവില്ല. ദേശീയ പാതയില്‍ വെച്ച് നടിയെ ഉപദ്രവിച്ചത് ഞെട്ടിച്ചുവെന്നും കോടതി വിധി പുറപ്പെടുവിക്കവെ പറഞ്ഞു.

ജാമ്യ ഹര്‍ജിയിലെ വാദത്തിനു പുറമെ സമ്പൂര്‍ണ്ണ കേസ് ഡയറിയുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ കേസ് ഡയറി കൂടി പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് സുനില്‍ തോമസാണ് ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News