Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. നടത്തിയ നിയമസഭാ മാര്‍ച്ചിനു നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം. അക്രമികള്‍ സമരത്തില്‍ പങ്കെടുത്ത യുവതിയെ ഓടിച്ചശേഷം വളഞ്ഞിട്ടു മര്‍ദ്ദിച്ചു. രണ്ടു പോലിസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കു പരിക്കേറ്റു. കമ്പുകൊണ്ടുള്ള അടിയേറ്റ് തലയ്ക്കു മാരകമായി പരിക്കേറ്റ എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
അക്രമം തടയാന്‍ ശ്രമിച്ച എആര്‍ ക്യാമ്പിലെ എസ് പ്രവീണ്‍ എന്ന പൊലീസുകാരനെ തലയ്ക്കടിച്ചുവീഴ്ത്തി. പ്രവീണിന് നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും സ്ഥലത്തുണ്ടായിരുന്നു. എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദുരാജ്, നെടുമങ്ങാട് മണ്ഡലം നേതാക്കളായ അല്‍ത്താഫ്, അന്‍വര്‍, മൂന്നാംമൂട് ലോക്കല്‍ സെക്രട്ടറി ബിനു എന്നിവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാന നേതാക്കളും നൂറോളം പ്രവര്‍ത്തകരും പങ്കെടുത്ത മാര്‍ച്ച് മസ്‌ക്കറ്റ് ഹോട്ടലിനു മുന്നില്‍ പോലിസ് തടഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി, തിരുവഞ്ചൂര്‍ എന്നിവരുടെ കോലങ്ങളുമായി നിയമസഭയിലേക്കു മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലും വടിയുമായി നേരിടുകയായിരുന്നു. എ.ഐ.വൈ.എഫ്. മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 20ഓളം പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. കൊടികെട്ടിയ വടിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ സ്ത്രീകളെ വളഞ്ഞിട്ടുതല്ലി.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് മര്‍ദ്ദിച്ചു. ജി കൃഷ്ണപ്രസാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് കല്ലേറിലാണ് എസ്.എ.പിയിലെ പോലിസുകാരായ വിപിന്‍, രാഹുല്‍ എന്നിവര്‍ക്കു പരിക്കേറ്റത്. തുടര്‍ന്നു മ്യൂസിയം പോലിസ് സ്റ്റേഷനു മുന്നിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ഇതിനിടെ കമ്മീഷണറുടെ കാര്‍ തടയുകയും സര്‍ക്കാര്‍വിരുദ്ധ ബാനറുകളും ഫഌക്‌സുകളും നശിപ്പിക്കുകയും ചെയ്തു.
Leave a Reply