Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:41 am

Menu

Published on April 29, 2013 at 4:25 am

നിതാഖാത്: സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം

595

ജിദ്ദ: സൗദിയിലെ പുതിയ തൊഴില്‍ പരിഷ്കരണങ്ങളുടെ പശ്ചാതലത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമായി സൗദി തൊഴില്‍ മന്ത്രാലയവും സൗദിയിലെ ഇന്ത്യന്‍ മിഷനും ചേര്‍ന്ന് സംയുക്ത സമിതി രൂപവത്കരിക്കും. ഞായറാഴ്ച ജിദ്ദയില്‍ സൗദി തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹുമായി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്‍െറയും നേതൃത്വത്തിലുള്ള മന്ത്രിതല സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്ന പ്രവാസി ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങളും തൊഴില്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങളുമടക്കം അടിയന്തര സ്വഭാവമുള്ള എല്ലാ പ്രശ്നങ്ങളും സമിതി ചര്‍ച്ച ചെയ്യും. സമിതിയുടെ ആദ്യ യോഗം മേയ് ഒന്നിന് റിയാദില്‍ ചേരും. സൗദിയെ പ്രതിനിധാനംചെയ്ത് തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാനും ഇന്ത്യന്‍ മിഷനെ പ്രതിനിധാനംചെയ്ത് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) സിബി ജോര്‍ജും യോഗത്തില്‍ സംബന്ധിക്കും. ഹുറൂബ് കേസുകള്‍ ഉള്‍പ്പെടെ തൊഴില്‍ സംബന്ധിയായ മുഴുവന്‍ വിഷയങ്ങളും ഈ സമിതിയാണ് ചര്‍ച്ച ചെയ്യുകയെന്ന് വയലാര്‍ രവി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയും സൗദിയും തമ്മില്‍ തൊഴില്‍ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് പരസ്പര ധാരണ പത്രം ഒപ്പുവെക്കുന്നത് ചര്‍ച്ചചെയ്യാനുള്ള സംയുക്ത പ്രവര്‍ത്തക സമിതിയുടെ യോഗം മേയ് ആദ്യം ന്യൂദല്‍ഹിയില്‍ ചേരാനും തീരുമാനമായി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താല്‍പര്യങ്ങള്‍ ഒരുപോലെ പരിഗണിക്കുന്ന തരത്തില്‍ റിക്രൂട്ടിങ് സംവിധാനം കൂടുതല്‍ സുതാര്യമാക്കും.
സൗദി തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണ പ്രക്രിയയായ ‘നിതാഖാത്’ പദ്ധതി നടപ്പാക്കുമ്പോള്‍ മാനുഷിക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശിവത്കരണ പ്രക്രിയ തുടരുന്നതിനൊപ്പം രാജ്യത്തെ വിദേശ തൊഴില്‍പ്പടയുടെ പ്രാധാന്യം പൂര്‍ണബോധ്യമുണ്ടെന്നാണ് ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രി പറഞ്ഞത്.

 

Loading...

Leave a Reply

Your email address will not be published.

More News