Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:13 am

Menu

Published on October 3, 2013 at 11:11 am

മുംബൈ ഇന്ത്യന്‍സ് സെമിയില്‍

mumbai-indians-in-semi-champions-league-troffi

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിലെ സെമിഫൈനല്‍ സ്ഥാനം ഒട്ടാഗോ വോള്‍ട്‌സില്‍നിന്ന് മുംബൈ ഇന്ത്യന്‍സ് അക്ഷരാര്‍ഥത്തില്‍ ‘അടിച്ചെടുത്തു’.14.2 ഓവറില്‍ 150 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെയാണ് ജയം . ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (24 പന്തില്‍ 51 നോട്ടൗട്ട്), ഡ്വെയ്ന്‍ സ്മിത്തിന്റെയും (25 പന്തില്‍ 48), അംബാട്ടി റായുഡുവിന്റെയും (നാല് പന്തില്‍ 14 നോട്ടൗട്ട്) വമ്പനടികളില്‍ മുംബൈ 13.2 ഓവറില്‍ ലക്ഷ്യം കണ്ടു. 40 പന്തുകള്‍ ശേഷിക്കെ മുംബൈയ്ക്ക് ആറ്‌വിക്കറ്റ് ജയം.

റണ്‍റേറ്റില്‍ മുംബൈ മുന്നില്‍ക്കടന്നതോടെ ന്യൂസിലന്‍ഡ് ടീമായ ഒട്ടാഗോ വോള്‍ട്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.പതിഞ്ഞമട്ടില്‍ തുടങ്ങുകയും അവസാനഘട്ടത്തില്‍ ആഞ്ഞടിച്ച് പോരാടാന്‍ തക്ക സ്‌കോറുയര്‍ത്തുകയും ചെയ്ത പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന് ഒരവസരവും നല്കാതെയാണ് മുംബൈ മത്സരം സ്വന്തമാക്കിയത്. ഗ്രൂപ്പില്‍ ഒട്ടാഗോ വോള്‍ട്‌സുമായുള്ള മത്സരം മഴകാരണം നഷ്ടപ്പെട്ടതിനാല്‍ അവരുമായി കളിക്കാതെയാണ് മുംബൈ സെമിയിലെത്തിയത്. ഇരുടീമുകള്‍ക്കും രണ്ട് ജയവും കളിക്കാതെ പിരിഞ്ഞ മത്സരത്തിലെ രണ്ട് പോയന്റുംചേര്‍ത്ത് പത്ത് പോയന്റാണ് നേടാനായത്. നെറ്റ് റണ്‍നിരക്കില്‍ മുംബൈ (+1.068) ഒട്ടാഗോയെ (+0.869) പിന്തള്ളുകയായിരുന്നു.
14.2 ഓവറില്‍ 150 റണ്‍സ് എന്ന വെല്ലുവിളി ഏറ്റെടുത്ത മുംബൈ ഓപ്പണ്‍ ചെയ്യാന്‍ ഡ്വെയ്ന്‍ സ്മിത്തിനൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കറിനെയാണ് നിയോഗിച്ചത്. സീസണില്‍ ഇതേവരെ മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ കഴിയാതിരുന്ന സച്ചിന്‍ ഇത്തവണയും നിരാശപ്പെടുത്തി. നേരിട്ട രണ്ടാം പന്തില്‍ ക്യാച്ച് നല്കി പൂജ്യനായി മടങ്ങി. 10 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും നഷ്ടപ്പെട്ട് രണ്ടിന് 34 എന്ന നിലയിലേക്ക് മുംബൈ പരുങ്ങിയെങ്കിലും രോഹിത് എത്തിയതോടെ കളിമാറി.
അനായാസം സ്‌കോര്‍ ചെയ്ത രോഹിതും സ്മിത്തും സ്‌കോര്‍ അതിവേഗം ചലിപ്പിച്ചു. ആറോവര്‍ പവര്‍പ്ലേയില്‍ 66 റണ്‍സ് കുറിച്ച മുംബൈ ഒമ്പതോവറില്‍ 100 റണ്‍സ് പിന്നിട്ടു. 25 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമുള്‍പ്പെടെ 48 റണ്‍സെടുത്ത് സ്മിത്തിനെ നഷ്ടപ്പെട്ടെങ്കിലും രോഹിത് കീഴടങ്ങാന്‍ തയ്യാറായില്ല. കൈറണ്‍ പൊള്ളാര്‍ഡിനൊപ്പം (18 പന്തില്‍ 23) അതിവേഗം ലക്ഷ്യത്തോടടുത്തു. പൊള്ളാര്‍ഡ് പുറത്താകുമ്പോള്‍ 11 പന്തില്‍ 13 റണ്‍സാണ് മുംബൈയ്ക്ക് വേണ്ടിയിരുന്നത്. ആഷ്ടണ്‍ ആഗര്‍ എറിഞ്ഞ 14-ാം ഓവറിന്റെ ആദ്യ രണ്ട് പന്തും സിക്‌സറിന് പറത്തി റായുഡു വിജയം പ്രതീക്ഷിച്ചതിലും നേരത്തെയാക്കി. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കാഴ്ചവെച്ച രോഹിത് മൂന്ന് ബൗണ്ടറിയും നാല് സിക്‌സറും നേടിയാണ് അര്‍ധസെഞ്ച്വറി തികച്ചത്. ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കളിയിലെ കേമനുമായി.
ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിന് വിടുകയായിരുന്നു. സാം വൈറ്റ്മാന്‍ (32 പന്തില്‍ 51 നോട്ടൗട്ട്), ആഗര്‍ (40 പന്തില്‍ 35), ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റ് (20 പന്തില്‍ 28) എന്നിവരുടെ പ്രകടനമാണ് അവരെ 149-ല്‍ എത്തിച്ചത്. മുംബൈയ്ക്കുവേണ്ടി നേതന്‍ കൂള്‍ട്ടര്‍ നൈല്‍ നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. പ്രഗ്യാന്‍ ഓജ രണ്ട്‌വിക്കറ്റ് നേടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News