Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘ഹത യോഗ’ ആഴ്ചയിൽ മൂന്ന് തവണ ചെയ്യുകയാണെങ്കിൽ ബുദ്ധിശക്തി വർധിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തൽ . 55 വയസ്സിന് മുകളുള്ള 100 ലേറെ പേരുമായി ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു പുതിയ കണ്ടെത്തൽ.വിവരങ്ങൾ ഓർത്തെടുക്കുക, പലവിധ ജോലികളിലേർപ്പെടുക തുടങ്ങിയവയിൽ എട്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും മേലനക്കാത്ത പല വയസ്സന്മാരും മികച്ച പ്രകടനം കാഴ്ചവച്ചന്ന് ഗവേഷകർ പറയുന്നു. 108 പേരടങ്ങുന്ന 55-നും 79-നും ഇടയിൽ പ്രായമുള്ളവരെ ഹത യോഗ ക്ലാസുകളിൽ പങ്കെടുപ്പിച്ചും മറ്റുള്ളവർക്ക് യോഗയ്ക്കു പകരം മറ്റു ചില അഭ്യാസങ്ങളായിരുന്നു നൽകിയിരുന്നത്. എട്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും യോഗ പരിശീലിച്ച വിഭാഗം കാര്യങ്ങൾ ഓർത്തെടുക്കുന്നതിലും ജോലികൾ മാറി മാറി ചെയ്യുന്നതിലും മുമ്പത്തേക്കാൾ വേഗതയും കൃത്യതയും കൈവരിച്ചതായി കണ്ടെത്തി. ഇക്കാലയളവിൽ മറ്റുള്ളവർ കാര്യമായ പുരോഗതിയൊന്നും കാണിച്ചില്ല. ഈ വ്യത്യാസം ഇവരുടെ പ്രായം കൊണ്ടോ ലിംഗഭേദം കൊണ്ടോ സാമൂഹിക പദവി കൊണ്ടൊ ഒന്നുമായിരുന്നില്ലെന്ന് ഗവേഷണ സംഘം പറയുന്നു. ധ്യാനവും ശ്രദ്ധയോടെയുള്ള ശ്വാസോച്ഛ്വാസവും അടങ്ങുന്ന പുരാതന ആത്മീയ ശീലമാണ് ഹത യോഗയെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ നേഹ ഗോഥേയും യുണിവേഴ്‌സിറ്റി ഓഫ് ഇലിനോയ്‌സിലെ കമ്മ്യൂണിറ്റ് ഹെൽത്ത് പ്രൊഫസർ എഡ്വാർഡ് മക്കാളെയും പറയുന്നു.ശരീരത്തെയും ശ്വാസോച്ഛ്വാസത്തേയും ഒരേ അളവിൽ നിയന്ത്രിച്ച് ഓരോ ചലനങ്ങളും ശ്രദ്ധയോടെയാണ് ഹത യോഗയിൽ ചെയ്യുന്നതെന്ന് നേഹ പറഞ്ഞു. മനസ്സിലും ശരീരത്തിലും ശ്വാസോച്ഛ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുളള ഈ യോഗ മറ്റു സാഹചര്യങ്ങളിലും ഓർമ നിലനിർത്താനുള്ള ശേഷി വർധിപ്പിക്കുന്നു. തുടർച്ചയായുളള ഈ പരിശീലനം വഴി ഓർമ്മ ശക്തിയിൽ നല്ല പുരോഗതിയുണ്ടാക്കാമെന്ന് മക്കാളെ പറയുന്നു. ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ കുറക്കാൻ യോഗയ്ക്കു കഴിയുമെന്ന് മുമ്പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ടെന്നും നേഹ പറഞ്ഞു. കുറഞ്ഞ കാലയളവിനിടെ നടത്തിയ പഠനത്തിലെ ഈ കണ്ടെത്തൽ പ്രാഥമികമാണെന്നും ഫലങ്ങൾ ഉറപ്പിക്കാനും ബുദ്ധി സംവിധാനത്തിന്റെ ഉള്ളറ രഹസ്യങ്ങളറിയാനും കൂടുതൽ ഗവേഷണങ്ങൾ ഇനിയും ആവശ്യമാണെന്നും അവർ വ്യക്തമാക്കി. ദി ജേണൽ ഓഫ് ജെറന്റോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Leave a Reply