Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മൈക് ഹസിയുടെ ബാറ്റിന് വീണ്ടും ചൂട് പിടിച്ചപ്പോള്‍ വിജയം ചെന്നൈക്കൊപ്പം. ചാമ്പ്യന്മാര് മാറ്റുരച്ച മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 14 റണ്‍സിന് കീഴടക്കി ധോണിയും സംഘവും നമ്പര്‍ വണ്‍ പദവിയില്‍. ടോസിന്‍െറ ഭാഗ്യം കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനായിരുന്നെങ്കിലും എതിരാളികളെ ബാറ്റിങ്ങിനയക്കാനായിരുന്നു തീരുമാനം. ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഓപണര്‍മാരായ വൃദ്ധിമാന്‍ സാഹയും (23 പന്തില്‍ 39), മൈക് ഹസിയും (59 പന്തില്‍ 95) സ്വപ്ന സമാന തുടക്കം നല്കിയപ്പോള് ടോട്ടല്‍ ഇരട്ട സെഞ്ച്വറിയില്‍ നങ്കൂരമിട്ടു. പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ലാതെയാണ് കൊല്‍ക്കത്ത മറുപടി ബാറ്റ് വീശിയത്. എന്നാല്‍, എല്ലാം ഓപണര്‍ മന്‍വീന്ദര്‍ ബിസ്ലയിലൊതുങ്ങി. ബിസ്ലയുടെ ബാറ്റിന് തീപിടിച്ചപ്പോള്‍ മറുതലക്കല്‍ ശക്തമായ പിന്തുണ നല്കാന് മറ്റാര്‍ക്കും കെല്പില്ലാതെ പോയത് വിജയം ചെന്നൈക്കൊപ്പമാക്കി. നായകന് ഗംഭീറും (14), കൂറ്റനടിക്കാരായ മക്കല്ലവും (6), കാലിസും (19) നിസ്സഹായരായപ്പോള്‍ അവസാന ഓവറുകളിലെത്തിയ ഇയോണ്‍ മോര്ഗന് (22 പന്തില്‍ 32) ബിസ്ലക്ക് പിന്തുണ നല്‍കിയെങ്കിലും സമചിത്തത കൈവിടാതെ പന്തെറിഞ്ഞ ചെന്നൈ ബൗളര്‍മാര്‍ കളിയുടെ ഗതി ഗാലറിയുടെ പിന്തുണക്കൊപ്പം നിയന്ത്രിച്ചു. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ലക്ഷ്യം. എന്നാല്‍, തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച മോറിസ് നാല് റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ ചെന്നൈ അര്‍ഹിച്ച വിജയം സ്വന്തമാക്കി.
Leave a Reply