Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടയ്ക്കിടെ ച്യൂയിംഗം ചവയ്ക്കുന്നവരുടെയും ചോക്ലേറ്റ് പ്രിയരുടെയും ശ്രദ്ധയ്ക്ക്, ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും. കുടലുകളെയാണ് ഇവ തകരാറിലാക്കുകയെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
ച്യൂയിംഗത്തിലും ചോക്ലേറ്റിലും ബ്രഡിലുമെല്ലാം അടങ്ങിയ ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന പദാര്‍ത്ഥം പോഷകങ്ങളെ വലിച്ചെടുക്കാനുള്ള ചെറുകുടലിന്റെ കഴിവിനെ കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞു. നാനോ ഇംപാക്ട് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാലങ്ങളായി നമ്മള്‍ കഴിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളിലും സാധാരണയായി അടങ്ങിയിരിക്കുന്ന ഒരു ഫുഡ് അഡിക്റ്റീവാണ് ടൈറ്റാനിയം ഡയോക്‌സൈഡ്. ഭക്ഷ്യ വസ്തുക്കള്‍ക്ക് നിറവും രുചിയും എല്ലാം കൂട്ടാന്‍ ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങളാണിവ.
പെയിന്റ്, പേപ്പര്‍, പ്ലാസ്റ്റിക് ഇവയിലും ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് വികിരണങ്ങളെ തടയാന്‍ പുരട്ടുന്ന സണ്‍സ്‌ക്രീന്‍ ലോഷനുകളിലേയും ഒരു പ്രധാന ചേരുവയാണിത്. നമ്മള്‍ ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റിലും ഈ പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഈ വഴിയും ടൈറ്റാനിയം ഡയോക്‌സൈഡ് ശരീരത്തിലെത്തുന്നു.
ഇതുകൂടാതെ ചില ചോക്ലേറ്റുകളില്‍ അതിന്റെ ടെക്‌സ്ചര്‍ മയപ്പെടുത്താനും ഡോനട്ട്‌സിന് നിറം നല്‍കാനും സ്‌കിംഡ് മില്‍ക്കിന് കാഴ്ചയില്‍ കൂടുതല്‍ തെളിമയും വ്യക്തതയും നല്‍കാനും ടൈറ്റാനിയം ഡയോക്‌സൈഡ് ചേര്‍ക്കുന്നുണ്ട്. 89 തരം ഭക്ഷ്യവസ്തുക്കളില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്ന് മുന്‍പ് പഠനത്തില്‍ തെളിഞ്ഞതാണ്.
ചെറുകുടലിന്റെ സെല്‍കള്‍ച്ചര്‍ മാതൃകയാണ് ഗവേഷകര്‍ ഈ പഠനത്തിനുപയോഗിച്ചത്. ടൈറ്റാനിയം ഡയോക്‌സൈഡ് കൂടിയ അളവില്‍ ശരീരത്തില്‍ ചെല്ലുന്നത്, ഭക്ഷണത്തിലെ ഘടകങ്ങളെ ആഗിരണം ചെയ്യാനുള്ള ചെറുകുടലിന്റെ കഴിവിനെ കുറയ്ക്കുന്നതായി പഠനത്തില്‍ കണ്ടെത്തുകയായിരുന്നു.
കുടലിന്റെ ഭിത്തിക്ക് നിരവധി പാളികളുണ്ട്. ഇവയില്‍ ഉള്ളിലെ പാളിയാണ് ദഹനത്തെ സംബന്ധിച്ച് പ്രധാനം. ഈ പാലിയുടെ ഉപരിതലത്തില്‍ നിന്ന് മുളച്ചു പൊന്തി നില്‍ക്കുന്ന കോടിക്കണക്കിന് മൈക്രോവില്ലീസ് ഉണ്ട്. ഇവയിലൂടെയാണ് കുടലില്‍ ഭക്ഷണത്തിന്റെ ആഗിരണംനടക്കുന്നത്.
എന്നാല്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ സമ്പര്‍ക്കത്തിലൂടെ മൈക്രോവില്ലീസിന്റെ എണ്ണം കുറയുന്നതായി പഠനത്തില്‍ കണ്ടു. അതായത് കുടലിന്റെ ഭിത്തിക്ക് ബലക്ഷയം വരുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാക്കുന്നു. അയണ്‍, സിങ്ക്, ഫാറ്റി ആസിഡുകള്‍ ഇവയുടെ ആഗീരണം ബുദ്ധിമുട്ടുള്ളതാക്കുന്നു. എന്‍സൈം പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്നും കണ്ടെത്തി.
Leave a Reply