Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാറുകള്‍ മിക്കവയും പൂട്ടിയതോടെ സംസ്ഥാനത്ത് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് നല്ലകാലമാണ്. ബിയറിന്റെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീര്യം കുറവാണെന്ന കാരണത്താലും ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളു എന്ന നിലയിലും ബിയറിന് സ്വീകാര്യതകൂടുതലാണ്.
ബിയര്‍ ആരോഗ്യത്തിന് നല്ലതാണെന്ന തെറ്റിധാരണയുമുണ്ട്. എന്നാല്‍ അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അതുപോലെ പ്രമേഹരോഗികള്‍ക്ക് മദ്യമെന്നതുപോലെ ബിയറും തീര്‍ത്തും നല്ലതല്ല.
പതിവായതോ അമിതമായതോ ഉള്ള ബിയര്‍ ഉപയോഗം പ്രമേഹത്തിന് കാരണമാകും. മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടായിരിക്കുകയെന്ന റിസ്‌ക് കൂടുതലുള്ളവരില്‍ ഇക്കാര്യം പറയാനുമില്ല.
ടൈപ്പ്2 പ്രമേഹത്തിന്റെ പ്രധാന കാരണമ ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തന ശേഷി കുറയുന്നതാണ്. അമിതമായ ബിയര്‍ ഉപയോഗം ഇത്തരത്തില്‍ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി കുറയ്ക്കുന്നത് പ്രമേഹം നേരത്തെ പിടിപെടാന്‍ കാരണമാകും.
ബിയറിലൂടെ ഉള്ളിലെത്തുന്ന ഊര്‍ജ്ജത്തിന്റെ അളവ് വളരെ കൂടുതലാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് കാലറി അളവ് ഏറ്റവും കൂടുതല്‍ ബിയറിലാണ്. ഒരു ഡ്രിങ്കില്‍ (355 മി. ലി) 154 കാലറി. ഈ ഉയര്‍ന്ന ഊര്‍ജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകും. പ്രമേഹം വന്നു കഴിഞ്ഞവരില്‍ ബിയറും മദ്യവുമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ല.
തീവ്രമദ്യപാനിയല്ലെങ്കിലും പതിവായി ബിയര്‍ കഴിക്കുന്ന പ്രമേഹ രോഗിയില്‍ ഉയര്‍ന്ന കൊളസ്‌ട്രോളും പൊണ്ണത്തടിയും കൂടുതലായിരിക്കും. മദ്യപിക്കാതെ തന്നെ ലിവര്‍ സിറോസിസ് വരാന്‍ സാധ്യതയുള്ളയാളാണ് പ്രമേഹ രോഗി. അപ്പോള്‍ ബിയറോ മറ്റോ ഉപയോഗിക്കുക കൂടി ചെയ്താലോ? വേഗം സിറോസിസിലേക്ക് നീങ്ങും. ചുരുക്കി പറഞ്ഞാല്‍ ബിയറെന്ന മൃദുമദ്യവും പ്രമേഹ പ്രശ്‌നങ്ങള്‍ കൂട്ടും.
Leave a Reply