Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കടുത്ത ചൂടുകാരണം മുഖവും മറ്റു ഭാഗങ്ങളും കരുവാളിക്കുന്നത് വേനല്‍ക്കാലത്ത് ഉണ്ടാകുന്ന സൗന്ദര്യപ്രശ്‌നങ്ങളില്‍ ഒന്നാണ്. പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് ഇത് തടയാന്‍ സഹായിക്കും.
എസ്.പി.എഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) കുറഞ്ഞത് 30 എങ്കിലും ഉളള ലോഷനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മൂന്നു മണിക്കൂറാണ് സണ്‍സ്‌ക്രീനിന്റെ ഫലം നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കുക. ഈ സമയത്ത് ചെറുപ്പക്കാരില്‍ മുഖക്കുരു കൂടുതലായി കാണപ്പെടും. സ്‌നേഹഗ്രന്ഥിയുടെ സുഷിരങ്ങള്‍ അടയുന്നതാണ് ഇതിന് കാരണം. മുഖക്കുരു തടയാന്‍ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് രണ്ടോ മൂന്നോ തവണ മുഖം കഴുകുന്നത് നല്ലതാണ്. പുറത്തിറങ്ങുമ്പോള്‍ മുടി മറയ്ക്കാനും ശ്രദ്ധിക്കണം. അല്ലെങ്കില്‍ യുവി രശ്മികള്‍ കാരണം നര, മുടി വിണ്ടുകീറല്‍ എന്നിവ സംഭവിക്കാം. വെയിലേറ്റ ഭാഗത്തെ കരുവാളിപ്പ് മാറാന്‍ തണുത്ത തൈരോ, വെളളരിക്ക അരിഞ്ഞതോ തേയ്ക്കാം.
വേനല്‍ക്കാലം അവധിക്കാലം കൂടിയായതിനാല്‍ കുടുംബസമേതം ധാരാളം യാത്രകള്‍ ചെയ്യുന്ന സമയമാണിത്. യാത്രയില്‍ സണ്‍ഗ്ലാസ്, ഹാന്‍ഡ്കര്‍ച്ചീഫുകള്‍, തൊപ്പി എന്നിവ കരുതാം. കാറിനുളളിലെ യാത്രയാണെങ്കിലും സണ്‍ഗ്ലാസ് ധരിക്കാവുന്നതാണ്.
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണുകള്‍ ഒഴികെ മുഖവും മൂക്കും മറയുന്ന തരത്തില്‍ ചെറിയ സ്‌കാര്‍ഫോ മറ്റോ കൊണ്ട് മൂടാം.
വേനലില്‍ ശരീരത്തിലെ വിയര്‍പ്പ് ഒപ്പിയെടുക്കുന്നതിനു കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അടിവസ്ത്രങ്ങളും കോട്ടണ്‍ തന്നെ ഉപയോഗിക്കന്നതാണ് അനുയോജ്യം. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ലിനന്‍ തുണിത്തരങ്ങളും നല്ലതാണ്.
ഇറുകി കിടക്കുന്ന ജീന്‍സ്, ലെഗിങ്ങ്‌സ്, ഈര്‍പ്പമുളള അടിവസ്ത്രങ്ങള്‍ എന്നിവ വേനല്‍ക്കാലത്ത് തീര്‍ത്തും ഒഴിവാക്കുക. അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങളാണ് നല്ലത്. ശരീരം മൂടുന്ന തരത്തിലുളള കോട്ടണ്‍ നിര്‍മ്മിത ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ വെയിലില്‍ നിന്നു രക്ഷിക്കും. ഇതുവഴി കൈകള്‍ കറുക്കുന്നതു തടയാം.
വേനലിലെ കനത്ത ചൂട് കാരണം ത്വക്ക് വരളാനും കറുക്കാനും സാധ്യതയുണ്ട്. ധാരാളം വെളളം കുടിച്ചാല്‍ ഈ പ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കാം. ഈ സമയത്ത് കരിക്കിന്‍വെളളം, പഴച്ചാറുകള്‍, കഞ്ഞിവെളളം എന്നിവ കുടിക്കുന്നതു നല്ലതാണ്.
ദിവസവും രണ്ടോ മൂന്നോ തവണ കുളിക്കാം. അതും തണുത്ത വെളളത്തില്‍. കൂടാതെ കാല്‍പാദം കൂടുതല്‍ പരുപരുത്തതാകാനും വിണ്ടുകീറാനും ഇടയുണ്ട്. എല്ലാ പ്രായക്കാരെയും അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് ചൂടുകുരു. വയറ്, പുറം, ശരീരത്തിലെ വിവിധ മടക്കുകള്‍ തുടങ്ങി വിയര്‍പ്പ് കൂടുതല്‍ തങ്ങി നില്‍ക്കുന്ന ഇടങ്ങളിലാണ് ചൂടുകുരു പ്രത്യക്ഷപ്പെടുന്നത്. നല്ല ചൊറിച്ചിലുണ്ടാകും. ഇവ അകറ്റാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കാം.
Leave a Reply