Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ മുന്‍പനാണ് മൈഗ്രേന്‍. ചെന്നിക്കുത്ത്, കൊടിഞ്ഞി എന്നീ പേരുകളും മൈഗ്രേനുണ്ട്. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം.
വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്പാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു എന്നതിനാല്‍ അര്‍ധാവ ഭേദകം എന്നും ഹെമിക്രേനിയ എന്നും മൈഗ്രേന് പേരുണ്ട്. മിക്കവാറും നെറ്റിയുടെ വശത്ത് നിന്ന് വേദന ആരംഭിക്കുന്നതിനാലാണ് ചെന്നിക്കുത്ത് എന്ന പേരും വന്നത്.
വളരെ ശക്തമായി നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്ന തലവേദനയാണിത്. വെളിച്ചത്തോടുള്ള അസഹ്യത, ഉയര്‍ന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി, വിവിധനിറങ്ങള്‍ കണ്ണിനുമുന്‍പില്‍ മിന്നിമറയുക എന്നിവയാണ് പ്രധാന ബുദ്ധിമുട്ടുകള്‍.
ചെന്നിക്കുത്ത് വിഭാഗത്തില്‍ പെടുന്ന തലവേദന രോഗികളില്‍ ഒരു പ്രത്യേക കാലയളവില്‍ ആവര്‍ത്തിച്ചു വരും. ഏകദേശം 15 ശതമാനം സ്ത്രീകളിലും ആറ് ശതമാനം പുരുഷന്മാരിലും മൈഗ്രേന്‍ കണ്ടുവരുന്നു.

വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡിതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേന് കാരണമാകുന്നത്.
ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം എന്നിവയും മൈഗ്രേനിടയാക്കും.
ശരീരത്തിന്റെ ഇതര അവയവങ്ങളിലുണ്ടാകുന്ന വേദന അറിയാനുള്ള സിദ്ധി തലച്ചോറിനുണ്ടെങ്കിലും മസ്തിഷ്‌കത്തിന് സ്വയം വേദനാനുഭവമില്ല. എന്നാല്‍ വേദന അറിയുന്ന തന്തുക്കള്‍ നിറഞ്ഞ മസ്തിഷ്‌കത്തിന്റെ ആവരണമായ ഡ്യൂറാമേറ്ററിലുണ്ടാകുന്ന വീക്കവും വികാസവുമെല്ലാം വേദനയുണ്ടാക്കും.
മൈഗ്രേന്റെ പ്രധാന ലക്ഷണം ദിവസങ്ങളോ ആഴ്ചകളോ ഇടവിട്ടുണ്ടാകുന്ന ശക്തമായ തലവേദനയാണ്. തലയുടെ വശങ്ങളില്‍ വിങ്ങലുള്ള വേദനയോടെയാണ് മിക്കവരിലും മൈഗ്രേന്‍ തുടങ്ങുക. ഈ ഭാഗത്ത് രക്തക്കുഴലുകള്‍ ശക്തമായി തുടിക്കുന്നത് സ്പര്‍ശിച്ചറിയാനാകും. ചിലരില്‍ കണ്ണിന് ചുറ്റുമായാണ് വേദന തുടങ്ങുക. ഏതാനും സമയംകൊണ്ട് തലവേദന ശക്തിപ്രാപിക്കും. ഇരുണ്ട മുറിയില്‍ കിടക്കാന്‍ താല്‍പര്യം, ഓക്കാനം, ഛര്‍ദി എന്നിവയും കാണാറുണ്ട്.
മയക്കുമരുന്നിന്റെ ഉപയോഗം, തലക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍, മാനസിക പിരിമുറുക്കം, അണുബാധ എന്നിവയൊക്കെ തുടര്‍ച്ചയായി ശക്തമായ വേദനയോടെ മൈഗ്രേന്‍ നിലനില്‍ക്കാന്‍ ഇടയാക്കാറുണ്ട്.
മൈഗ്രേന്‍ ഉള്ളവരില്‍ ചില ഉദ്ദീപന ഘടങ്ങള്‍ മൈഗ്രേന്‍ പെട്ടെന്ന് തീവ്രമാക്കാറുണ്ട്. ദിനചര്യയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, ചിലയിനം ഭക്ഷണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അധികമായ വ്യായാമം, മാനസിക സമ്മര്‍ദം, അമിതമായ ലൈംഗികവേഴ്ച, മദ്യപാനം, പുകവലി, ഉറക്കം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇവയൊക്കെ പലരിലും ഉദ്ദീപനമാകാറുണ്ട്.
ചോക്‌ളേറ്റ്, വൈന്‍, കാപ്പി, ചായ, കോള, മദ്യം, അണ്ടിപ്പരിപ്പുകള്‍, പൈനാപ്പിള്‍, ഓറഞ്ച്, പഴുത്ത മുന്തിരി, ഉള്ളി, ബീന്‍സ്, കൃത്രിമമധുരം എന്നിവ മൈഗ്രേനുള്ളവരില്‍ ഉദ്ദീപനമാറാറുണ്ട്. വിരുദ്ധാഹാരങ്ങള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, സാംസ്‌കാരിക മാംസാഹാരങ്ങള്‍, അജിനോമോട്ടോ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയും ഉദ്ദീപനമാകാറുണ്ട്.
മൈഗ്രേന്‍ വേദന കുറക്കുന്നവയില്‍ പ്രധാനം ഇഞ്ചിയാണ്. പാകപ്പെടുത്താത്ത ഇഞ്ചിയാണ് കൂടുതല്‍ ഗുണകരം. വേദനക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്രാന്‍സിനുകളെ തടഞ്ഞാണ് ഇഞ്ചി വേദന കുറക്കുന്നത്. കൂടാതെ പുഴുങ്ങിയ ഏത്തപ്പഴം, ഓട്‌സ്, ബദാം കപ്പലണ്ടി, എള്ള്, മത്തി, അയല, ഇലക്കറി, മുഴുധാന്യങ്ങള്‍ ഇവ നല്ല ഫലം തരും. കൃത്യസമയത്ത് വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും മൈഗ്രേന്‍ സാധ്യതയുള്ളവര്‍ ശ്രദ്ധിക്കണം.
Leave a Reply