Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:57 am

Menu

Published on September 30, 2017 at 12:22 pm

ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങള്‍; ലാല്‍ ജോസിനെതിരെ ആഷിക്ക് അബു

aashiq-abu-dileep-lal-jose-ramaleela

സംവിധായകന്‍ ലാല്‍ ജോസിനെ വിമര്‍ശിച്ച് നിര്‍മ്മാതാവും സംവിധായകനുമായ ആഷിക്ക് അബു രംഗത്ത്. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ആഷിക്ക് അബുവിന്റെ വിമര്‍ശനം.

രാമലീല റിലീസ് ചെയ്ത സമയത്ത് തിയേറ്റര്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന അതേ അമിതാവേശവും പക്വത ഇല്ലായ്മയുമാണ് ലാല്‍ ജോസിന്റെ അഭിപ്രായ പ്രകടനത്തിലും കാണാനാകുന്നതെന്ന് ആഷിക്ക് അബു കുറ്റപ്പെടുത്തി.

രാമലീലയുടെ ആദ്യദിനത്തെ റിപ്പോര്‍ട്ടിന് ശേഷമാണ് ലാല്‍ ജോസ് ഫേസ്ബുക്കില്‍ സിനിമയെ പിന്തുണച്ച് പോസ്റ്റ് ചെയ്യുന്നത്. സകലകണക്കുകൂട്ടലുകളും തെറ്റിച്ച് രാമലീല വന്‍ വിജയത്തോടെ മുന്നേറുന്നുവെന്നായിരുന്നു പോസ്റ്റില്‍ പറയുന്നത്.

ദിലീപേട്ടനുമായുള്ള ബന്ധം വച്ചാകാം അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് സിനിമയല്ല യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് അത് വലിയ ചര്‍ച്ചയുമായാത്. ഒന്നും ആലോചിക്കാതെ അമിതാവേശത്തില്‍ എടുത്തൊരു തീരുമാനമായിപ്പോയി ഇത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണ് ലാലുചേട്ടന്‍ ചെയ്തത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിലീപിന്റെ വിജയമാണ് ഈ സിനിമയ്ക്ക് നേട്ടമായതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം വിഭാഗമുണ്ട്. അവര്‍ വസ്തുതകളെ കാണാന്‍ തയ്യാറാകുന്നില്ല. എന്താണ് ഇവിടെ നടന്നത് എന്നതിന്റെ ഗൗരവമാണ് ഈ ആഘോഷങ്ങള്‍ ഇല്ലാതാക്കുന്നത്. ഇത്തരം വികാരപ്രകടനങ്ങള്‍ കെടുത്തി കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തില്‍ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങളെന്നും ആഷിക്ക് അബു പറഞ്ഞു.

കുരുന്നുകളോട് പോലും ഇത്തരം ചിന്തകള്‍ വച്ച് പുലര്‍ത്തുന്ന ആളുകളുടെ മനോഭാവം തന്നെയാണ് ഈ ആള്‍ക്കൂട്ടങ്ങളും കാണിക്കുന്നത്. അതില്‍ വളരെ വേദന തോന്നുന്നു. ഈ കേസിന്റെ ഗൗരവം മുഴുവന്‍ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നു. എന്നാല്‍ ഈ വികാരങ്ങളൊന്നും കോടതിയെ സ്വാധീനിക്കില്ലെന്ന് തീര്‍ച്ച. മലയാളസിനിമ നല്ല കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ദയവ് ചെയ്ത മലയാളസിനിമയെ ഈ ക്രിമിനല്‍ കേസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ആഷിക്ക് അബു അഭ്യര്‍ത്ഥിച്ചു.

അതേസമയം ആഷിക്കിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം വിജയിച്ചുകാണുന്നതിന്റെ അസൂയമൂലമാണ് ആഷിക്ക് ഇങ്ങനെ പ്രതികരിക്കുന്നതെന്നായിരുന്നു പലരുടെയും വിമര്‍ശനം. രാമലീല പരാജയമാകുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ ഇത്തരം പ്രതികരണങ്ങളിലൂടെ സിനിമയെ തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ഇതെന്നും ചിലര്‍ വിമര്‍ശിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News