Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on November 17, 2015 at 12:06 pm

പ്രണയവും കാത്തിരിപ്പുമായി ‘അനാർക്കലി’

anarkkali-film-review

മനുഷ്യന് നിലനിൽപ്പുള്ളിടത്തോളം കാലം എത്ര തവണ പറഞ്ഞാലും, കേട്ടാലും, അനുഭവിച്ചാലും പഴകിപ്പോവാത്ത ഒന്നാണ് പ്രണയം. നവാഗതനായ സച്ചി സംവിധാനം ചെയ്ത അനാർക്കലിയും ഒരു പ്രണയ കഥ തന്നെ…പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പ്രണയത്തിനുവേണ്ടി കാത്തിരിക്കുന്നവരുടെയും കഥ

കാലവും മനുഷ്യരും മാറുന്നു എന്നല്ലാതെ പ്രണയം എന്ന വികാരത്തിന് മാറ്റമൊന്നും വന്നിട്ടില്ല, വരികയുമില്ല. അതുകൊണ്ട് തന്നെയാണ് മുകൾ രാജവംശ കാലത്ത് ജീവിച്ചിരുന്ന അനാർക്കലി, പ്രണയത്തിന്റെ പ്രതീകമായി ഇന്നും അറിയപ്പെടുന്നത്. തന്റെ പ്രണയത്തിനു വേണ്ടി അധികാരത്തെയും ഭരണത്തെയും ധീരതയോടെ നേരിട്ട് ജീവനോടെ തുറുങ്കിലടയ്ക്കപ്പെട്ട് അവസാനം പ്രണയത്തിനു വേണ്ടി രക്തസാക്ഷിയാവേണ്ടി വന്ന അനാർക്കലി.പേരുപോലെത്തന്നെ വിടരാൻ യോഗമില്ലാതെ അടർന്നു പോയ ഒരു മാതളനാരക മൊട്ടായി പ്രണയമുള്ളിടത്തെല്ലാം അവൾ ജീവിക്കുന്നു.

Feature-Image

ഇവിടെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ചെറിയ മാറ്റം വരുത്തിയാണ് സച്ചി തന്റെ അനാർക്കലിയെ പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.11 വർഷങ്ങൾക്കു മുൻപ്‌ നേവിയിൽ നിന്നും പുറത്താക്കപ്പെട്ട ശാന്തനു ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ലക്ഷദ്വീപിലെ കവരത്തിയിലെത്തുന്നത്. ശാന്തനുവിന്റെ ഭൂതകാലത്തിലേക്ക് കഥ പറഞ്ഞുപോകുന്ന ചിത്രം പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്.

2 മണിക്കൂർ 47 മിനിട്ടാണ് ചിത്രത്തിന്റെ നീളം എന്നത് കൊണ്ട് തന്നെ ഇടയ്ക്കെവിടെയോ ഒരൽപം മുഷിപ്പ് തോന്നിയേക്കാം. മാത്രമല്ല തീവ്രത നിറഞ്ഞ ഒരു പ്രണയാവിഷ്കാരവും പശ്ചാത്തലവും പ്രേക്ഷകന് അത്ര കണ്ട് അനുഭവപ്പെടുകയുമില്ല.

ചിത്രത്തിൽ 35കാരനായും, 25കാരനായും പ്രത്യക്ഷപ്പെടുന്ന പൃഥ്വിരാജ്‌ എന്ന് നിന്റെ മൊയ്ദീൻ, അമർ അക്ബർ അന്തോണി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഏറെ പ്രതീക്ഷയോടെയെത്തുന്ന പ്രേക്ഷകരെ തെല്ലും നിരാശരാക്കുന്നില്ല. ബിജു മേനോന്റെ പ്രകടനവും ഒട്ടും പിന്നിലല്ല.നാദിറയായി എത്തിയ പ്രിയാൽ ഗോറിന്റെ പ്രകടനവും മോശമായിരുന്നില്ല.ജാഫർ ഇമാം എന്ന ക്രൂരനായ സൈനിക മേലുദ്യോഗസ്ഥനായ കബീർ ബേഡി തന്റെ അഭിനയമികവ് കൊണ്ട് മാത്രമല്ല ശബ്ദം കൊണ്ടും വേറിട്ടു നിന്നു.

Feature-Image

ജസ്‌രി ഭാഷ സംസാരിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ കോയയായി സുരേഷ്‌ കൃഷ്ണയും, ഷെറിൻ മാത്യു എന്ന ഡോക്ടറായി അഭിനയിച്ച മിയയും മികച്ചു നിന്നു. അരുൺ, സംസ്കൃതി ഷേണായി,മധുപാൽ, സുദേവ് നായർ, ശ്യാമപ്രസാദ്‌, രഞ്ജി പണിക്കർ, മേജർ രവി തുടങ്ങിയവരും അവരവരുടെ വേഷം ഭംഗിയാക്കി.

മികച്ച സംഭാഷണങ്ങളാണ് അനാര്‍ക്കലിയുടെ മറ്റൊരു പ്രത്യേകത. വിദ്യാ സാഗർ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുജിത് വാസുദേവ് ആണ്.
മനോഹരമായ ദൃശ്യങ്ങളാണ് സുജിത്ത് വാസുദേവ് ഒരുക്കിയത്. പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച സിനിമയുടെ ഓരോ ഷോട്ടുകളും കടലും കരയും തിരമാലകളും അതിന്റെ മനോഹാരിത ഒട്ടും ചോർന്നു പോവാതെ കാത്തു സൂക്ഷിക്കുന്നുണ്ട്.

പ്രണയം ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് അനാർക്കലി. പ്രകൃതി മനോഹാരിതയും സംഗീതവും നിറഞ്ഞു നിൽക്കുന്ന പ്രണയ സാന്ദ്രമായ ഒരു ചിത്രം.


Loading...

Leave a Reply

Your email address will not be published.

More News