Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:20 am

Menu

Published on January 15, 2018 at 2:47 pm

അരുവിയെ മനസ്സറിയുമ്പോള്‍…

aruvi-tamil-movie-review

ഏതൊരാളും കണ്ടിരിക്കേണ്ട വല്ലപ്പോഴും മാത്രം സംഭവിക്കാറുള്ള ചുരുക്കം ചില സിനിമകളുടെ കൂട്ടത്തിലേക്ക് ഇപ്പോഴിതാ അരുവിയും എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങള്‍ നേടിയ ഈ ചിത്രത്തെ കുറിച്ച് കേരളത്തിലെ അന്താരാഷ്ട്ര സിനിമാ ചര്‍ച്ചകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ‘മികച്ച അന്താരാഷ്ട്ര സിനിമകള്‍’ ഗ്രൂപ്പില്‍ സ്വപ്ന നായര്‍ എഴുതിയ പോസ്റ്റ് ഏറെ ശ്രദ്ധേയമാകുകയാണ്.

സ്വപ്ന നായരുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

–സ്പോയിലർ അലേർട്ട്–

അരുവിയെ മനസ്സറിയുമ്പോള്‍…

മനോഹരിയായ ഒരു തെളിനീരുറവയാണ് അരുവി. കുത്തൊഴുക്കിനിടയില്‍ അനുഭവങ്ങളുടെ കണ്ണീരുപ്പു കലര്‍ത്തി ആസ്വാദകരെ സങ്കടക്കടലില്‍ ആഴ്ത്തുന്ന ഒരു നവ്യാനുഭവം. വാണിജ്യ സിനിമകളുടെ സ്ഥിരം രസക്കൂട്ടുകളില്ലാതെ , എന്തിന് പേരിനു ഒരു നായകന്‍ പോലും ഇല്ലാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും ശക്തി കൊണ്ട് വിജയം കണ്ട ഒരു ചെറിയ ചിത്രം കൂടിയാകുന്നു അരുവി. സാമൂഹിക പ്രാധാന്യമുള്ള വിഷയമെന്നോ സ്ത്രീപക്ഷ സിനിമയെന്നോ ഉള്ള സാധാരണ തരം തിരിക്കലുകളില്‍പ്പെടുത്താവുന്ന ചിത്രമല്ല ഇത്.

വൈകാരികതയും, ആക്ഷേപ ഹാസ്യവും, ദുരന്തപര്യവസായിയാവുമെന്നുറപ്പുള്ള കഥാന്ത്യവും കയ്യടക്കത്തോടെ തന്റെ ആദ്യ ചിത്രത്തില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അരുണ്‍ പ്രഭു പുരുഷോത്തമന്‍ എന്ന സംവിധായകന്റെ മികവ് തെളിയിക്കുന്നത്. ഒരേസമയം പല വികാരങ്ങള്‍ മിന്നിമറയുന്ന വേഷപ്പകര്‍ച്ച സാധ്യമാവുന്ന കഥാപാത്രമാണ് അരുവി എന്ന നായിക . പുതുമുഖമായ അദിതി ബാലന്‍ അത് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.

ഒരു അരുവിപോലെ സ്വച്ഛമായി നാട്ടിന്‍പുറത്തു തുടങ്ങുന്ന അരുവിയുടെ ജീവിതം മാറുന്നത് പട്ടണത്തിലേക്കുള്ള കൂടു മാറ്റത്തോടെയാണ്. അവളുടെ കണ്ണില്‍ എല്ലാം പുതുമകളായിരുന്നെങ്കിലും വേഗത്തില്‍ അതുമായി പൊരുത്തപ്പെടുന്നു. ഒരു സ്‌കൂട്ടറപകടത്തോടെയാണ് അരുവിയുടെ ജീവിതം മാറിമറിയുന്നത്. തുടർന്ന് നടക്കുന്ന പ്രക്ഷുബ്ധമായ ചുറ്റുപാടുകളില്‍ അരുവിയുടെ അതിജീവനത്തിനായുള്ള പാഴ്ശ്രമങ്ങളുടെ കഥയാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന അരുവിയുടെ ചോദ്യം ചെയ്യലിലൂടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. അല്പം പോലും ഭയം കാണിക്കാതെ ചോദ്യങ്ങളെ നേരിടുന്ന അരുവിയുടെ ഓര്‍മ്മകളിലൂടെയും മറ്റു കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. അരുവിയുടെ ഭൂതകാലം ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും ഇടമുറിയാതെ വളരെ ഭംഗിയായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു.ഷെല്ലി കാലിസ്റ്റിന്റെ ഛായാഗ്രഹണവും റെയ്മണ്ട് ഡെറിക് ക്രാസ്റ്റയുടെ എഡിറ്റിങ്ങും എടുത്തു പറയേണ്ടതാണ്. ചെറിയൊരു പാളിച്ച പോലും ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തിലേക്ക് ചിത്രത്തിനെ തള്ളിവിട്ടിരിക്കാനുള്ള സാധ്യത ഏറെയായിരുന്നു.

അരുവിയുടെ ബാല്യത്തില്‍ നിന്നും , കൌമാരത്തില്‍ നിന്നുമൊക്കെ കഥയിലേക്കെത്താന്‍ അല്പം സമയമെടുക്കുന്നുണ്ട്. എന്തിന്അവള്‍വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നു എന്നതിന് ആദ്യഭാഗത്ത് വ്യക്തതയുമില്ല. തനിയെ ആകുന്ന ഓരോ സ്ത്രീയും നേരിടുന്ന സമൂഹമാണ് പ്രതിനായകസ്ഥാനത്ത്. അവളെ ചൂഷണം ചെയ്യുന്ന ഓരോ മുഖവും , അവളെ നിലവിലുള്ള വ്യവസ്ഥിതിയെ എതിര്‍ക്കുന്ന ഒറ്റയാള്‍ പോരാട്ടത്തിലെക്കെത്തിക്കുകയാണ്.

തന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കാന്‍ ശ്രമിച്ചവരെക്കൊണ്ട് മാപ്പ് പറയിക്കാനാണ് അരുവി ‘സൊല്‍വതെല്ലാം സത്യം’ എന്ന പരമ്പരയുടെ ഭാഗമാവുന്നത്. ടി ആര്‍ പി കളില്‍ കുരുങ്ങിയ സംവിധായകനോ , കാപട്യം മാത്രം കൈമുതലായ അവതാരകയോ അവളെ അത്ഭുതപ്പെടുത്തിയില്ല എന്ന് വേണം കരുതാന്‍.പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാനത്തിനു പോലും വിലപറയാന്‍ മടിക്കാത്ത സംവിധായകനെയും നിസ്സഹായനായ സഹസംവിധായകനെയും അവള്‍ കാണുന്നു. തന്നെ ചൂഷണം ചെയ്തവരില്‍ നിന്നും ആരും വ്യത്യസ്തരല്ല എന്നവള്‍ മനസ്സിലാക്കുന്നുണ്ട്.

കഥയുടെ അടുത്ത നിര്‍ണ്ണായക വഴിത്തിരിവിലേക്ക് പോകുമ്പോഴാണ് അരുവിയുടെ കൈവിട്ടു കാര്യങ്ങള്‍ പോകുന്നത്. തന്നെ കേള്‍ക്കാന്‍ തയ്യാറല്ലാത്ത സമൂഹത്തെ നിര്‍ബന്ധപൂര്‍വ്വം കേള്‍പ്പിക്കുകയാണവള്‍. ബാല്യത്തില്‍ കൌതുകത്തോടെ മാത്രം കണ്ടിരുന്ന തന്റെ മുത്തശ്ശന്റെ പഴയ തോക്ക് ആയുധമാക്കി അണിയറപ്രവത്തകരെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് അരുവി.

ഒരു പ്രാധാന്യവും ലഭിക്കാനിടയില്ലാത്ത ‘റോല്ലിംഗ് സര്‍’ എന്നുറക്കെ പറയുന്ന ക്യാമറ മാനും, ഫ്‌ലോര്‍ ബോയിയും , പാറാവുകാരനും വരെ ശ്രദ്ധാകേന്ദ്രമാവുന്നുണ്ട്. കുട്ടിക്കാലത്തെ പെന്‍സില്‍ കറക്കിയുള്ള കളിയുടെ ബാക്കിയാണ് ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തിലും അവള്‍ തുടരുന്നത്. ഒരു ഘട്ടത്തില്‍ അരുവിയെ ഭയക്കുകയും വെറുക്കുകയും ചെയ്തവര്‍ തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി പിന്നീട് സ്‌നേഹിച്ചു തുടങ്ങുന്നതും കാണാം. ഒരു പക്ഷെ അതായിരുന്നിരിക്കാം അരുവി ആഗ്രഹിച്ചിരുന്നതും.

തനിച്ചുള്ള ജീവിതത്തിന് അരുവിയ്ക്ക് കൂട്ടായിരുന്നത് എമിലി എന്ന ട്രാന്‍സ്‌ജെണ്ടര്‍ (തിരുനഗൈ) ആണ്. മൂന്നാം ലിംഗക്കാര്‍ എന്ന് മലയാളത്തില്‍ അവരെ തരം തിരിച്ചെഴുതാന്‍ തോന്നുന്നില്ല. എന്നാല്‍ പലയിടത്തും അത് സൂചിപ്പിക്കാതെയും വയ്യ. ചില വാക്കുകള്‍ തമിഴിന്റെ ദ്രാവിഡഭംഗിയില്‍ എഴുതുകയാവും നന്ന്. തിരുനഗൈകളെ പെരുപ്പിച്ചു കാണിക്കുന്ന ചേഷ്ടകളോടെയാണ് ഏറെ ദൃശ്യമാധ്യമങ്ങളിലും അവതരിപ്പിച്ചു കാണുന്നത്. എന്നാല്‍ അത്തരം കെട്ടുപാടുകളില്ലാതെ ആ കഥാപാത്രത്തെ വിഭാവനം ചെയ്യാന്‍ സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.

എമിലി അരുവിയുടെ ആശ്രയം മാത്രമായിരുന്നില്ല. അവളുടെ ജീവിതത്തിലുള്ള വിശ്വാസം ആണ്. അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍, യാത്രകള്‍, തമാശകള്‍ എല്ലാം ചിത്രത്തിനെ ഹൃദ്യമാക്കുന്നു. നായികയാകാനോ നായകനാകാനോ വരുമ്പോള്‍ രണ്ടു പാട്ട് , ഒരു ഫൈറ്റ് എന്ന് വിലയിടുന്ന സാധാരണ സംവിധായകരില്‍ നിന്നും വ്യത്യസ്തനാണ് എമിലിയ്ക്കും കാര്യമായി സ്‌ക്രീനിലിടം കൊടുക്കുന്ന അരുണ്‍. ഏതു പ്രതിസന്ധിയിലും കൈവിടാത്ത സൌഹൃദങ്ങളുടെ കാഴ്ച കൂടിയാണ് അരുവിയിലെ നായികയും എമിലിയും തമ്മിലുള്ള ബന്ധം. .

തീവ്രവാദിയോ നക്‌സലോ അല്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി അവളെ ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള കാഴ്ചകളിലും , മരുന്നിന്റെ ഗന്ധത്തിലും മടുത്ത് എമിലിയോട് പോലും പറയാതെ അവിടം വിടുകയാണവള്‍. ‘സരിയാ വാഴലയോ എന്ന് തോന്നുത്’ എന്നൊരു വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യും വരെ അവളെ ആര്‍ക്കും കണ്ടു പിടിക്കാനുമാവുന്നില്ല. ആരും തന്നെ ‘സരിയാ’ ഈ ലോകത്തില്‍ ജീവിച്ചിട്ടില്ല അല്ലെങ്കില്‍ ജീവിക്കുന്നില്ല എന്ന് എത്ര എളുപ്പത്തിലാണ് മൃൗ്ശ മനസ്സിലാകി തരുന്നത് !

രോഗത്തിന്റെ അവസാന നാളുകളിലെ ഭാഗത്തിനായി പത്തു കിലോ ഭാരമാണ് അദിതി കുറച്ചത്. അത് പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. അരുവിയ്‌ക്കൊപ്പം ഓരോ കഥാപാത്രങ്ങളും മനസ്സു കൊണ്ടും ശരീരം കൊണ്ടും സഞ്ചരിച്ചെത്തുന്നിടത്തു ചിത്രം പൂര്‍ണ്ണമാവുന്നു.

ഒരു പകിട്ടുമില്ലാതെ സഹസംവിധായകനായ പീറ്ററിന്റെ വേഷം അവതരിപ്പിച്ച പ്രദീപ് ആന്റണി അവസാന സീനില്‍ നായക തുല്യമായ തന്റെ സാന്നിധ്യം ശ്രദ്ധേയമാക്കി. ലക്ഷ്മി ഗോപാലസ്വാമി, മദന്‍ കുമാര്‍ , ശ്വേത ശേഖര്‍ എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളില്ലാതെയും ശക്തമായ വികാരങ്ങള്‍ അനുഭവവേദ്യമാക്കാന്‍ കഴിയുമെന്ന് ബിന്ദു മാലിനി വേദാന്ത് ഭരദ്വാജ് സഖ്യത്തിന്റെ സംഗീതം തെളിയിക്കുന്നു.

ജീവിതത്തെ ക്കുറിച്ചുള്ള അരുവിയുടെ കാഴ്ചപ്പാടുകള്‍ , സന്തോഷത്തെക്കുറിച്ചുള്ള അവളുടെ നിര്‍വ്വചനങ്ങള്‍ നമ്മുടെ ജീവിത വീക്ഷണത്തെ ചോദ്യം ചെയ്യുന്നു. എന്നാല്‍ ഒരു ശരാശരി സോദ്ദേശ ചിത്രം പോലെ ധാര്‍മ്മികോദ്ബോധനം നടത്തുന്നുമില്ല. അരുവിയുടെ ചോദ്യങ്ങളുടെ കനല്‍ ഒരല്‍പം കാഴ്ചക്കാരന്റെ മനസ്സിലേക്ക് പകുക്കാന്‍ കഴിയുന്നിടത്ത് അരുവിയെന്ന ചലച്ചിത്ര വിരുന്നിന്റെ ഉദ്ദേശ്യം സാര്‍ത്ഥകമാവുന്നു.

‘കാണേണ്ടതാണ് ഈ ചിത്രം’.. ഫെസ്റ്റിവല്‍ ചിത്രങ്ങളില്‍ ഒതുങ്ങിപ്പോവുമായിരുന്ന അരുവിയെ കൈവിടാത്ത ഓരോ പ്രേക്ഷകനും പറയുന്നുണ്ട് ഈ വാക്കുകള്‍..തീര്‍ച്ച..

Loading...

Leave a Reply

Your email address will not be published.

More News