Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കുഞ്ഞിരാമായണത്തിന് ശേഷം യുവസംവിധായകന്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. ഗുസ്തി പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ടൊവീനോ തോമസിനൊപ്പം ബോളിവുഡ് താരം വമിഖ ഗാബിയാണ് പ്രധാന വേഷത്തിലെത്തുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ടൊവീനോ തോമസ്, രഞ്ജി പണിക്കര്‍, വമിഖ എന്നിവരെല്ലാം തന്നെ സിനിമക്കു വേണ്ടി ശാരീരികമായും മാനസികമായും വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്.
ടൊവീനോ ഒരു മാസത്തോളം ഫയല്‍വാന്‍ മിന്നല്‍ ജോര്‍ജ്ജിന്റെ കീഴില്‍ ഗുസ്തി പരീശിലിച്ചു. മൂന്നു മാസത്തോളം ബോഡി ബില്‍ഡിങ്ങിനായി മാറ്റിവെച്ചു. കഥാപാത്രത്തിന്റെ പൂര്‍ണതക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് ടൊവീനോയെന്നും ബേസില്‍ മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ടൊവീനെയെപ്പോലെ ഒരു യുവനടനെ പോലെ അത്ര എളുപ്പമായിരുന്നില്ല രഞ്ജി പണിക്കര്‍ സാറിനെ പോലെ 56 വയസ്സുള്ള ഒരാളുടെ ബോഡി ബില്‍ഡിങ്. പ്രായത്തെ വകവെക്കാതെ അവിശ്വസിനീയമായ അദ്ധ്വാനം അദ്ദേഹം കഥാപാത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ടെന്നും ബേസില്‍ പറയുന്നു.
ഷൂട്ടിങ് ലൊക്കേഷനില്‍ അദ്ദേഹം ഡബല്‍സും വെയിറ്റുമായിട്ടാണ് വന്നിരുന്നത്. ഷൂട്ടിങ് ഇടവേളകളില്‍ അദ്ദേഹം വ്യായാമത്തിനായി സമയം കണ്ടെത്തിയിരുന്നു. നായിക വമിഖ മൂന്നു മാസത്തോളം പഞ്ചാബില്‍ അശോക് കുമാര്‍ എന്ന ഫയല്‍വാന്റെ കീഴില്‍ പരിശീലനം നേടിയിരുന്നു. ഒരുപാട് അപകട സാധ്യതയുള്ള വിനോദമാണ് ഗുസ്തി. പരുക്ക് പറ്റാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അത്തരം എല്ലാ വെല്ലുവിളികളും ഏറ്റെടുത്താണ് കേന്ദ്രകഥാപാത്രങ്ങളെല്ലാം സിനിമക്കായി ഒരുങ്ങിയതെന്നും ഷൂട്ടിങിനിടെ നായികയ്ക്കു പരിക്ക് പറ്റുകയും മൂന്നുമാസത്തോളം ചിത്രീകരണം മുടങ്ങുകയും ചെയ്തിട്ടുണ്ടെന്നും ബേസില്‍ വെളിപ്പെടുത്തി.
അതേസമയം സുല്‍ത്താനും ദംഗലിനൊപ്പം ഗോദയെ താരതമ്യപ്പെടുത്തുന്നത് തന്നെ ശരിയല്ലെന്നും ബേസില്‍ ചൂണ്ടിക്കാട്ടി. ആമിര്‍ഖാനേയും സല്‍മാന്‍ഖാനേയും പോലെയുള്ള ഇതിഹാസങ്ങള്‍ അഭിനയിച്ച വലിയ മുതല്‍മുടക്കുള്ള സിനിമകളാണ് അവ. ഗോദ മലയാളത്തിന്റെ പരിമിതമായ ബഡ്ജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു കൊച്ചു സിനിമയാണ്.
സുല്‍ത്താനും ദംഗലും സ്പോര്‍സ് മൂവികളോ ബയോഗ്രാഫിക്കല്‍ നരേറ്റിവ് സിനിമകളോ ആണ്. എന്നാല്‍ ഗോദ ഹാസ്യത്തിനു പ്രധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയിനറാണെന്നും ബേസില്‍ വ്യക്തമാക്കി.
സുല്‍ത്താന്‍, ദംഗല്‍ എന്നീ സിനിമകള്‍ റിലീസ് ചെയ്യും മുമ്പേ ഗോദയുടെ തിരക്കഥ രൂപപ്പെട്ടിരുന്നുവെന്നും സാങ്കേതികമായ കാരണങ്ങള്‍ മൂലം ഷൂട്ടിങ് മൂന്നു മാസത്തോളം മുടങ്ങിപ്പോകുകയായിരുന്നുവെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply