Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:08 pm

Menu

Published on April 24, 2013 at 6:00 am

ബേനസീര്‍ വധത്തില്‍ മുശര്‍റഫിനെ പ്രതിചേര്‍ക്കണം -കോടതി

benaseer-murder-mushrraf

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോ വധവുമായി ബന്ധപ്പെട്ട കേസില്‍ പര്‍വേസ് മുശര്‍റഫിനെ പ്രതിചേര്‍ക്കാന്‍ റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു. ബേനസീറിന്‍െറ കൊലപാതകത്തില്‍ ആദ്യമായാണ് മുന്‍ പ്രസിഡന്‍റും സൈനിക ഭരണാധികാരിയുമായ മുശര്‍റഫ് ഭീകരവിരുദ്ധ കോടതിയില്‍ ഹാജരാകുന്നത്.
രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുശര്‍റഫ് സുരക്ഷ പ്രശ്നങ്ങള്‍ കാരണം സബ്ജയിലാക്കിയ സ്വന്തം ഫാം ഹൗസില്‍നിന്നാണ് റാവല്‍പിണ്ടി കോടതിയിലെത്തിയത്. 2007 ല്‍ ബേനസീര്‍ വെടിയേറ്റു മരിച്ച സംഭവത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ മുന്‍ സൈനിക ഭരണാധികാരിക്കെതിരെ രാജ്യത്തു നിലനില്‍ക്കുന്ന സുപ്രധാന കേസുകളിലൊന്നാണിത്. വന്‍ സുരക്ഷാ സാന്നിധ്യത്തിനിടയിലും കോടതി വളപ്പില്‍ അഭിഭാഷകരും മുശര്‍റഫ് അനുകൂലികളും ഏറ്റുമുട്ടി. കല്ലുകളും വടികളുമായാണ് ഇരുവിഭാഗവും പരസ്പരം ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ പ്രസിഡന്‍റിനെതിരെ 150 ഓളം വരുന്ന അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് മുശര്‍റഫ് അനുകൂലികളെ ചൊടിപ്പിച്ചത്. കോടതിയില്‍ 15 മിനിറ്റോളം മുഷര്‍റഫ് ചെലവഴിച്ചു. ഫാം ഹൗസിലേക്ക് തിരിക്കുന്നതിനു മുമ്പ് വക്കീലുമായും 15 മിനിറ്റ് നേരം സംസാരിച്ചു.
കേസില്‍ മേയ് 13 ന് വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചു. അതേസമയം, തന്നെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചതിനെതിരെ മുശര്‍റഫ് സമര്‍പ്പിച്ച ഹരജിയില്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സിയോട് കോടതി മറുപടി ആരാഞ്ഞു. അതിനിടെ, തുറമുഖ നഗരമായ കറാച്ചിയിലെ 3700 പോളിങ് സ്റ്റേഷനുകളില്‍ പകുതിയോളം പ്രശ്ന ബൂത്തുകളായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ സൈനികരെ നിയോഗിക്കുമെന്നും പാകിസ്താനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നഗരത്തില്‍ അജ്ഞാതന്‍െറ വെടിയേറ്റ് എട്ടുപേര്‍ കൊല്ലപ്പെട്ടു.
അതേസമയം, അറസ്റ്റിനുള്ള ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ കോടതി വളപ്പില്‍നിന്ന് മുശര്‍റഫിനെ നാടകീയമായി മുങ്ങാനനുവദിച്ച ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഇദിരിസ് റാത്തോഡിനെ സസ്പെന്‍ഡ് ചെയ്തതായി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ താരീഖ് ജഹാംഗീര്‍ ജസ്റ്റിസ് സിദ്ദീഖിയെ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News