Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 11:03 am

Menu

Published on April 13, 2017 at 12:05 pm

ഡി.എന്‍.എ ടെസ്റ്റ് നടത്താനാകില്ലെന്ന് ധനുഷ്

cant-agree-to-dna-test-dhanush

ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന വൃദ്ധദമ്പതികളുടെ അവകാശവാദത്തെ തുടര്‍ന്നുള്ള കേസ് പുതിയ വഴിത്തിരിവിലേക്ക്.

ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായി ടെസ്റ്റ് നടത്താന്‍ താന്‍ സന്നദ്ധനല്ലെന്ന് ധനുഷ് കോടതിയെ അറിയിച്ചു.

ഒന്നും ഒളിക്കാനല്ലെന്നും പക്ഷേ തന്റെ ആത്മാര്‍ത്ഥതയെയും സ്വകാര്യതയെയും പരിശോധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ധനുഷ് പറഞ്ഞു. ഇതുപോലൊരു ബാലിശമായ കേസുകളില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നും ധനുഷ് കോടതിയില്‍ വ്യക്തമാക്കി.

ജസ്റ്റിസ് പി.എന്‍ പ്രകാശിന്റെ മുന്നിലാണ് ധനുഷ് തന്റെ ഭാഗം വ്യക്തമാക്കിയത്. നേരത്തെ 65,000 രൂപപ്രതിമാസം ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും ധനുഷ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തരം കേസുകളില്‍ ഡി.എന്‍.എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമകൃഷ്ണന്‍ വീരരാഘവന്‍ വാദിച്ചു.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. ഇതിനായി ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ദമ്പതികളുടെ അവകാശവാദത്തിന് മറുപടിയായി ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറഞ്ഞിരുന്നു. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനായ ധനുഷിന്റെ യഥാര്‍ത്ഥ പേര് വെങ്കടേഷ് പ്രഭുവെന്നാണ്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്.

2002 ല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയ തങ്ങളുടെ മകന്‍ കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല.

ധനുഷിന്റെ ഇടത് തോളില്‍ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നായിരുന്നു ദമ്പതികള്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ. ചൊക്കലിംഗം ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. ടോര്‍ച്ച് ഉപയോഗിച്ച് അടച്ച മുറിയിലും പകല്‍വെളിച്ചത്തിലും ശരീരം പരിശോധിച്ചു. എന്നിട്ടും അടയാളങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

ഇതിന് പിന്നാലെ ലേസര്‍ ടെക്‌നിക്ക് ഉപയോഗിച്ച് ധനുഷ് മറുകുകള്‍ മായ്ച്ചു കളഞ്ഞതാണെന്ന് ദമ്പതികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന വിശദമായ മെഡിക്കല്‍ പരിശോധനയിലും ധനുഷിന് അനുകൂലമായിരുന്നു വിധി.

കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ദമ്പതികള്‍ ആരോപിച്ചിരുന്നു. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കതിരേശന്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു.

എന്നാല്‍ ബ്ലാക്ക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News