Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 2:40 am

Menu

Published on May 30, 2017 at 10:23 am

പൈലറ്റുമാരെ കണ്ടെത്താനായില്ല; സുഖോയ് വിമാനത്തിനായുള്ള തിരച്ചില്‍ സൈന്യം നിര്‍ത്തുന്നു

cant-find-pilots-air-force-to-stop-search-operations-for-sukhoi-flight

ഗുവാഹത്തി: ഒരാഴ്ച മുന്‍പ് മലയാളി പൈലറ്റുമായി കാണാതായ സുഖോയ് യുദ്ധവിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്താന്‍ സൈന്യം. കഴിഞ്ഞ ചൊവ്വാഴ്ച തേസ്പൂരിലെ വ്യോമത്താവളത്തില്‍നിന്ന് പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനം അസം-അരുണാചല്‍ അതിര്‍ത്തിയിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.

എന്നാല്‍ തിരച്ചില്‍ നിര്‍ത്തരുതെന്നും മകനെ കണ്ടെത്തും വരെ തിരച്ചില്‍ തുടരണമെന്നും മലയാളി പൈലറ്റ് അച്ചുത് ദേവിന്റെ മാതാപിതാക്കള്‍ വ്യേമസേനാ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. തിരച്ചില്‍ നിര്‍ത്തുന്നത് സൈന്യം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കണ്ടെത്തിയിരുന്നു. ചെങ്കുത്തായ മലയില്‍ നാലു ദിവസത്തിനു ശേഷമാണ് സൈന്യത്തിന് എത്തിപ്പെടാന്‍ കഴിഞ്ഞത്.

വിമാനം കത്തിയമരുകയായിരുന്നുവെന്നും ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് വ്യോമ സേനാ അധികൃതര്‍ മാതാപിതാക്കളെ ഇന്നലെ അറിയിച്ചത്. സഹപൈലറ്റിന്റെ രക്തംപുരണ്ട ഒരു ഷൂസും അച്ചുദേവിന്റെ പഴ്സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചു.

എന്നാല്‍ ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും കത്തിയമര്‍ന്നുവെന്നും ഷൂസും പഴ്സും ലഭിച്ചുവെന്നതും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും തിരച്ചില്‍ അവസാനിപ്പിക്കരുതെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് വനത്തില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തണമെന്നും ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ കൂടിയായ അച്ചുത് ദേവിന്റെ പിതാവ് വി.പി സഹദേവന്‍ അഭ്യര്‍ത്ഥിച്ചു.

തിരച്ചില്‍ നിര്‍ത്തിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും തിരച്ചില്‍ തുടര്‍ന്നതുകൊണ്ട് ഇനി ഫലമില്ലെന്നാണ് വ്യോമസേന വൃത്തങ്ങളും സൂചിപ്പിക്കുന്നത്. പക്ഷേ ബ്ലാക്ക് ബോക്സ് ലഭിച്ചതോടെ തിരച്ചില്‍ നിര്‍ത്തുന്നുവെന്നാണ് ആക്ഷേപം.

ഇന്ത്യന്‍ വ്യോമസേനയുടെ ഏഴ് സുഖോയ് വിമാനങ്ങളാണ് ഇതുവരെ അപകടത്തില്‍ തകര്‍ന്നത്. സമീപകാലത്ത് അസമിലെ നൗഗാവിലും രാജസ്ഥാനിലും നടന്ന അപകടത്തില്‍ പൈലറ്റുമാര്‍ ഇജക്ഷന്‍ നടത്തി പാരച്യൂട്ടില്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Loading...

Leave a Reply

Your email address will not be published.

More News