Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:27 pm

Menu

Published on June 27, 2013 at 11:24 am

മുളകുപൊടിയെറിഞ്ഞ് കോഴിക്കോട്ട് വന്‍ കവര്‍ച്ച

chilli-powder-thrown-in-mans-face-in-robbery-bid

കോഴിക്കോട്: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ ആക്രമിച്ച് കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം വിദേശ കറന്‍സിയുള്‍പ്പെടെ 15 ലക്ഷം രൂപയുടെ സാധനങ്ങളുണ്ടായിരുന്ന സ്കൂട്ടറുമായി രണ്ടുപേര്‍ രക്ഷപ്പെട്ടു. കോഴിക്കോട് ബീച്ചില്‍ സെന്‍റ് ജോസഫ്സ് ബോയ്സ് സ്കൂളിനു മുന്നിലെ ‘എന്‍.എസ് കലക്ഷന്‍സ്’ ഉടമ തിരുവണ്ണൂര്‍ സ്വദേശി വി. സുന്ദരനാണ് (66) ചൊവ്വാഴ്ച രാത്രി 8.30 ഓടെ വീടിനടുത്ത ഇടവഴിയില്‍ കവര്‍ച്ചക്കിരയായത്. വിദേശ വസ്തുക്കളുടെയും കറന്‍സിയുടെയും ഇടപാട് നടത്തുന്ന ഇദ്ദേഹം കറന്‍സികളും വിലപിടിപ്പുള്ള വാച്ചും സ്കൂട്ടറിന്‍െറ സീറ്റിനടിയിലെ ഹെല്‍മറ്റ്ബോക്സിലാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 2.50 ലക്ഷം രൂപ,യു.എസ്,ആസ്ട്രേലിയ,മലേഷ്യ,കുവൈത്ത്,സൗദി തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സി,രണ്ട് റാഡോ, ഒരു റോളക്സ് വാച്ച് എന്നിവയും ഇദ്ദേഹം സഞ്ചരിച്ച കെ.എല്‍ 11 എ.ബി 4191 നമ്പര്‍ ഏവിയേറ്റര്‍ സ്കൂട്ടറും നഷ്ടപ്പെട്ടു. മൊത്തം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

25 വയസ്സിനു താഴെ പ്രായമുള്ള, വെളുത്തുമെലിഞ്ഞ യുവാക്കളാണ് ആക്രമിച്ചതെന്ന് സുന്ദരന്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിചയക്കാരാവാം മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കടയില്‍നിന്നുള്ള ലാഭവിഹിതവും വിദേശ കറന്‍സികളും വീട്ടിലേക്ക് സ്ഥിരമായി കൊണ്ടുപോകുന്നതിനെപ്പറ്റി മോഷ്ടാക്കള്‍ക്ക് ധാരണയുണ്ടാകാം. തള്ളിയിട്ടശേഷം സ്‌കൂട്ടറുമായി കടന്നതല്ലാതെ സുന്ദരന്‍ ധരിച്ചിരുന്ന അഞ്ചുപവന്റെ സ്വര്‍ണമാല കവരാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചിട്ടില്ലാത്തതാണ് ഈ നിഗമനത്തിലെത്താന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. ഇദ്ദേഹം കടപൂട്ടി വീട്ടിലേക്കുപോകുന്ന സമയവും വഴിയും മോഷ്ടാക്കള്‍ക്ക് ചിലപ്പോള്‍ അറിയാമെന്നും പോലീസ് പറഞ്ഞു.

മോഷണം നടന്ന സ്ഥലം ബുധനാഴ്ച സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍. പ്രേമചന്ദ്രന്‍, കസബ സി.ഐ. എന്‍. ബിശ്വാസ് എന്നിവര്‍ സന്ദര്‍ശിച്ചു. കസബ സി.ഐ.ക്കാണ് അന്വേഷണച്ചുമതല.

Loading...

Leave a Reply

Your email address will not be published.

More News