Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:15 am

Menu

Published on October 2, 2013 at 10:29 am

കണ്ണൂര്‍ സ്വദേശിക്ക് 1.70 കോടി രൂപ നഷ്ടപരിഹാരം

compensation-for-accident

ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് പത്ത് ലക്ഷം ദിര്‍ഹം (1.70 കോടി രൂപ) നഷ്ടപരിഹാരമായി നല്കാന്‍ ദുബായ് കോടതി വിധിച്ചു.കണ്ണൂര്‍ പുതിയങ്ങാടി കുണ്ടപ്പന്‍ വീട്ടില്‍ കബീര്‍ (44) കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നിന് അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. കബീര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാക്കള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചതുകാരണം പരിക്കില്ലാതെ രക്ഷപ്പെട്ടു. നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റ കബീറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസത്തോളം ദുബായ് റാഷിദ് ആസ്പത്രിയില്‍ കിടന്നു.

ഈ സമയത്താണ് കബീറിന്റെ അമ്മാമനായ മുസ്തഫയും ഭാര്യാസഹോദരീ ഭര്‍ത്താവ് മുസ്തഫയും ചേര്‍ന്ന് നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുമായി സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ദുബായ് കോടതിയില്‍ നിന്ന് നോട്ടറി പബ്ലിക്കിനെ ആസ്പത്രിയില്‍ എത്തിക്കുകയും കബീറില്‍ നിന്ന് അല്‍ക്കബാന്‍ അഡ്വക്കേറ്റ്‌സിന്റെ പേരിലേക്ക് വക്കാലത്ത് വാങ്ങിക്കുകയും ചെയ്തു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കുപോയ കബീര്‍ ഇപ്പോള്‍ കോയമ്പത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.

ഇരുപത് ലക്ഷം ദിര്‍ഹമാണ് കബീറിനുവേണ്ടി നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്തത്.
ഇതിലാണ് ദുബായ് കോടതി പത്ത് ലക്ഷം ദിര്‍ഹവും ഒന്‍പത് ശതമാനം പലിശയും നഷ്ടപരിഹാരമായി നല്കാന്‍ എതിര്‍കക്ഷിയായ സഖര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ദേശം നല്കിയത്.

പതിനേഴ് വര്‍ഷത്തോളം അബുദാബിയില്‍ ഡിഫന്‍സ് വകുപ്പില്‍ പാചകക്കാരനായിരുന്ന കബീറിന് നൂറ് ശതമാനം വൈകല്യമാണ് സംഭവിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിനാലാണ് അനുകൂലമായ വിധി സമ്പാദിക്കാനായതെന്ന് അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സ് കബീറായിരുന്നെന്നും പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത സാഹചര്യത്തിലാണ് കബീറിന്റെ ജീവിതമെന്നും ബോധ്യപ്പെടുത്താനായെന്ന് അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News