Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:22 pm

Menu

Published on May 5, 2017 at 11:44 am

ബാഹുബലി ചിത്രീകരണം കണ്ണവം കാടുകളെ നശിപ്പിച്ചോ? വനംവകുപ്പ് ഉദ്യോഗസ്ഥന് പറയാനുള്ളത്

controversy-on-bahubali-kannavan-forest

കണ്ണൂര്‍: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ചിത്രീകരണത്തിലൂടെ കണ്ണൂരിലെ വനമേഖലയ്ക്ക് പരിസ്ഥിതി നാശമുണ്ടായി എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി വനംവകുപ്പ് ഉദ്യോഗസ്ഥന്‍.

സിനിമയിലെ വന രംഗങ്ങള്‍ ചിത്രീകരിച്ച കണ്ണൂരിലെ കണ്ണവം വനമേഖലയില്‍ വന്‍ പരിസ്ഥിതി നാശമുണ്ടായെന്നും ഇതില്‍ നിന്നും കണ്ണവം വനഭൂമി മോചിതമാകണമെങ്കില്‍ 70-80 വര്‍ഷം വേണ്ടിവരുമെന്നുമായിരുന്നു പ്രചരണം.

എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിനിമയുടെ ചിത്രീകരണം നടന്ന കണ്ണവം വനമേഖലയുടെ ചുമതലയുള്ള റേഞ്ച് ഓഫീസര്‍ ജോഷില്‍ മാളിയേക്കല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ചിത്രീകരണം നടന്ന കണ്ണവം വനമേഖ, വര്‍ഷങ്ങളായി പൊലീസിന് പരിശീലനം നല്‍കി വരുന്ന ജംഗിള്‍ ക്യാമ്പാണെന്നും വന്യജീവികള്‍ താരതമ്യേന കുറവുള്ള ഇവിടെ, ടാര്‍ റോഡില്‍ നിന്ന് നൂറുമീറ്റര്‍ മാത്രം അകലെയായാണ് ചിത്രീകരണം നടന്നതെന്നും ജോഷില്‍ വിശദീകരിക്കുന്നു.

24 ദിവസത്തെ ഷൂട്ടിങ്ങിനായി 3.60 ലക്ഷം രൂപ ഫീസായും 15000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായും അടച്ചാണ് ചിത്രീകരണത്തിനുള്ള അനുമതി വാങ്ങിയത്. തലശ്ശേരി മാനന്തവാടി റോഡില്‍ ചങ്ങല ഗെയ്റ്റ് എന്ന സ്ഥലത്ത് നിന്നും കാടിനകത്തുള്ള പെരുവ ചെമ്പുക്കാവ് തുടങ്ങിയ ഗ്രാമങ്ങളിലേക്ക് പോകുന്ന ടാര്‍ റോഡില്‍ രണ്ട് കിലോമീറ്റര്‍ അകത്തായി ടാര്‍ റോഡിന്റെ അരികിലെ താത്കാലിക ഡിപ്പോയിലും റോഡില്‍ നിന്നും കേവലം നൂറ് മീറ്റര്‍ അകത്ത് മാത്രമായി സ്ഥിതി ചെയ്യുന്ന പുഴക്കരയിലുമാണ് ഷൂട്ടിങ്ങിനായി അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി ആദ്യത്തോടെ പുറത്ത് നിന്നും നിര്‍മ്മിച്ച് കൊണ്ടുവന്ന ചില വസ്തുക്കള്‍ കൂട്ടിയോജിപ്പിച്ച് പുഴക്കരയില്‍ മൂന്ന് നാല് ചെറിയ കല്‍മണ്ഡപങ്ങള്‍ ചേര്‍ന്ന ഒരു സെറ്റ് ഷൂട്ടിങ്ങിനായി തയ്യാറാക്കിയായിരുന്നു ഷൂട്ടിങ്ങ്.

കണ്ണവത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സിനിമയില്‍ മിനുറ്റുകള്‍ മാത്രമാണുള്ളത്. സിനിമയില്‍ മറിച്ചിടുന്നതായി കാണിക്കുന്ന മരം തെര്‍മോക്കോളില്‍ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിത്രീകരണത്തിന് ഇടയ്ക്ക് നടന്ന പ്രദേശവാസികളുടെ സമരം സിനിമയ്ക്കായി അനുമതി നല്‍കിയതിനായിരുന്നില്ല; സിനിമക്ക് അനുമതി നല്‍കാമെങ്കില്‍ തങ്ങളുടെ ആവശ്യങ്ങളും അനുവദിച്ചുകൂടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു.

വഴി തടസപ്പെട്ടു എന്ന് കാണിച്ച് ഒരു സ്ത്രീ പരാതിക്കാരിയായ ഒരു അപ്പീല്‍ ഹൈക്കോടതിയില്‍ വന്നിരുന്നു. എന്നാല്‍ അവരോട് നേരിട്ട് കാര്യം തിരക്കിയപ്പോള്‍, അവരോട് ചോദിക്കുകപോലും ചെയ്യാതെ, തന്റെ വനാവകാശരേഖ ഉപയോഗിച്ച് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചെന്നാണ് പറഞ്ഞത്. അവര്‍ താമസിക്കുന്നതാകട്ടെ ഷൂട്ടിങ്ങ് നടന്ന സ്ഥലത്ത് നിന്നു വളരെ ദൂരെയും.

വനനിയമ പ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാണ് ചിത്രീകരണത്തിനുള്ള അനുമതി നല്‍കിയതെന്നും ഇതെല്ലാം പാലിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തിയിരുന്നു എന്നും ജോഷില്‍ വ്യക്തമാക്കുന്നു.

വന്യജീവികള്‍ ഏറെയുണ്ടായിരുന്ന പ്രദേശത്ത് ഷൂട്ടിങ്ങിന് ശേഷം മൃഗങ്ങളുടെ സാന്നിധ്യം കുറഞ്ഞ് വരികയാണെന്നും ഷൂട്ടിങ്ങിനെ തുടര്‍ന്ന് അടിക്കാടുകള്‍ ഇല്ലാതായതോടെയാണ് ഈ അവസ്ഥ വന്നിരിക്കുന്നതെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

സിനിമാ ഷൂട്ടിങ് കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും അടിക്കാടുകളുടെ സ്ഥാനത്ത് മണല്‍ പരപ്പ് മാത്രമാണ് നിലവിലുള്ളത്. അടിക്കാടുകള്‍ രൂപപ്പെടാന്‍ 70-80 വര്‍ഷം വേണമെന്നിരിക്കെ കനത്ത നാശത്തിനാണ് ഷൂട്ടിങ് വഴിതെളിച്ചതെന്നുമായിരുന്നു ആരോപണങ്ങള്‍.

പത്തു ദിവസമാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കണ്ണവം വനമേഖലയില്‍ നടന്നത്. ചിത്രീകരണത്തിന് മുമ്പ് ഏതാനും ദിവസങ്ങള്‍ കൂടി ഷൂട്ടിങ് സംഘത്തിന്റെ കയ്യില്‍ത്തന്നെയായിരുന്നു ഈ പ്രദേശം. നൂറിലേറെ പേരും വലിയ വാഹനങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളും ഷൂട്ടിങ്ങിനായി ഇവിടെ എത്തിയിരുന്നു. ചിത്രീകരണത്തിനായി ഇവര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കള്‍ കാട്ടില്‍ നാലിടത്തായി തീയിട്ടു നശിപ്പിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News