Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:38 am

Menu

Published on June 29, 2015 at 10:05 am

ജഗതി പങ്കെടുത്ത വേദിയില്‍ അപ്രതീക്ഷിതമായി മകൾ ശ്രീലക്ഷ്മിയും.

daughter-steals-the-show-on-jagathys-comeback

കോട്ടയം:നാലുവര്‍ഷത്തിനുശേഷം ജഗതി ശ്രീകുമാര്‍ പൊതുവേദിയിലെത്തിയപ്പോള്‍ നാടകീയരംഗങ്ങള്‍. അപ്രതീക്ഷിതമായി വേദിയിലെത്തിയ മകള്‍ ശ്രീലക്ഷ്മി അച്ഛനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത് വികാരനിര്‍ഭരരംഗങ്ങള്‍ക്കിടയാക്കി. ഷാളു കൊണ്ട് മുഖം മറച്ചാണ്, സിനിമാതാരംകൂടിയായ ശ്രീലക്ഷ്മി നൂറുകണക്കിനാളുകള്‍ക്കിടയിലൂടെ വേദിയിലേക്ക് ഓടിക്കയറിയത്. ശ്രീലക്ഷ്മിയെയും അമ്മ കലയെയും ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭയും കുടുംബവും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്, ഏറെനാളായി അച്ഛനെ കാണാതിരുന്ന ശ്രീലക്ഷ്മി മുഖം മറച്ച് വേദിയിലേക്ക് ഓടിക്കയറി അച്ഛനെ കെട്ടിപ്പിടിച്ച് ചുംബിച്ചത്. എന്താണു സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും ഒരുനിമിഷം അമ്പരന്നു.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി പി.സി.ജോര്‍ജ് എം.എല്‍.എ. ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണംചെയ്യാനുള്ള സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ കുടുംബാംഗങ്ങളോടൊപ്പം ജഗതി ശ്രീകുമാര്‍ ഞായറാഴ്ച ഈരാറ്റുപേട്ട അരുവിത്തുറ കോളേജ് ഓഡിറ്റോറിയത്തിലെത്തിയപ്പോഴാണ് സംഭവം. പി.സി.ജോര്‍ജ് അധ്യക്ഷപ്രസംഗത്തിലേക്കു കടന്നപ്പോഴാണ് നാടകീയരംഗങ്ങള്‍ ഉണ്ടായത്. സദസ്യര്‍ക്കിടയിലൂടെ വേദിയിലേക്ക് ഓടിക്കയറിവന്ന പെണ്‍കുട്ടിയേതാണെന്നറിയാതെ ഒരുനിമിഷം എല്ലാവരും അമ്പരന്നു.

പി.സി.ജോര്‍ജ് ആദ്യം കുട്ടിയോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. കുട്ടിയെ പിടിച്ചുമാറ്റാനും ശ്രമിച്ചു. തന്നെ തൊടരുതെന്ന് ശ്രീലക്ഷ്മി പറഞ്ഞതോടെ പി.സി.ജോര്‍ജ് പിന്മാറി. അവര്‍ അവിടെ ഇരുന്നോട്ടെയെന്നു പറഞ്ഞ് പ്രസംഗം തുടര്‍ന്നു. ഇരുകവിളത്തും മാറിമാറി ഉമ്മകൊടുത്ത ശ്രീലക്ഷ്മി, ജഗതിയുടെ കൈപിടിച്ച് മുക്കാല്‍ മണിക്കൂറോളം സമീപമുള്ള കസേരയിലിരുന്നു. ജഗതിയും ശ്രീലക്ഷ്മിക്ക് ഉമ്മകൊടുത്തു. ‘പപ്പ’യെന്നു വിളിച്ച് സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും ശ്രീലക്ഷ്മി വിങ്ങിപ്പൊട്ടി. തന്റെ അഭിനയവും ജീവിതവും അമ്മ കലയുടെ കാര്യവുമെല്ലാം ജഗതിയോടു പറഞ്ഞു. നിശ്ശബ്ദനായിരുന്ന ജഗതി എല്ലാം മനസ്സിലാകുന്നതുപോലെ പലപ്പോഴും പുഞ്ചിരിക്കുകയും തലയാട്ടുകയുംചെയ്തു.

വേദിയിലെത്തിയ ജഗതി ശ്രീകുമാറിനു സമീപമെത്തി മകള്‍ പാര്‍വതി സമ്മേളനവിവരങ്ങള്‍ പറഞ്ഞു. മരുമകന്‍ ഷോണ്‍ ജോര്‍ജ് അവാര്‍ഡുസമ്മേളനത്തിന്റെ നോട്ടീസ് നല്‍കുകയുംചെയ്തു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു ശ്രീലക്ഷ്മിയുടെ വരവും അച്ഛന്റെയും മകളുടെയും സ്‌നേഹപ്രകടനവും. ജഗതിയോട് സംസാരിച്ചശേഷം പുറത്തേക്കിറങ്ങിയ ശ്രീലക്ഷ്മിയെ ചിലര്‍ പിന്തുടര്‍ന്നെങ്കിലും അവര്‍ വളരെവേഗത്തില്‍ ഗേറ്റിനുവെളിയില്‍ പാര്‍ക്കുചെയ്തിരുന്ന കാറില്‍ കയറിപ്പോയി. ശ്രീലക്ഷ്മിയോടൊപ്പം മൂന്നുപേര്‍ കാറിലുണ്ടായിരുന്നു.

തിരുവനന്തപുരത്ത് സ്വന്തം വീടുണ്ടെങ്കിലും അമ്മയോടൊത്ത് എറണാകുളത്ത് ഫ്‌ലാറ്റിലാണ് താമസം. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി സിനിമകളിലും അഭിനയിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനല്ല അവാര്‍ഡ്ദാനചടങ്ങില്‍ പോയതെന്നും അതിനാലാണ് മാധ്യമങ്ങളെപ്പോലുംകാണാതെ അവിടെനിന്ന് മടങ്ങിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News