Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 1:30 am

Menu

Published on July 19, 2017 at 4:25 pm

ദിലീപിനു ജാമ്യം ലഭിക്കാന്‍ പ്രാര്‍ത്ഥനയുമായി സഹോദരന്‍ ‘ജഡ്ജിയമ്മാവന്‍ കോവിലില്‍’

dileeps-brother-anoop-visited-judge-ammavan-temple-kottayam

കോട്ടയം: നടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയുമായി പൊന്‍കുന്നത്തിനടുത്ത് ചെറുവള്ളില്‍ ജഡ്ജിയമ്മാവന്‍ കോവിലിലെത്തി.

സഹോദരന് ജാമ്യം കിട്ടുന്നതിനായി വഴിപാടുകളുമായി ചൊവ്വാഴ്ച വൈകിട്ടോടെയാണ് അനൂപും കുടുംബാംഗങ്ങളും ചെറുവള്ളില്‍ ദേവീ ക്ഷേത്രത്തിലും ജഡ്ജിയമ്മാവന്‍ കോവിലിലും എത്തിയത്. ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അട വഴിപാടു കഴിച്ചു. പ്രത്യേക പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവര്‍ മടങ്ങിയത്.

കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയത്. കേസിലും വ്യവഹാരങ്ങളിലും പെട്ടുഴലുന്നവര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ജാമ്യം ലഭിച്ചാല്‍ ഉടന്‍തന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ പെട്ടിരിക്കുന്ന ഭക്തരുടെ മാനവും മനശാന്തിയും തിരികെ നല്‍കി അവരെ രക്ഷിക്കുന്ന പ്രതിഷ്ഠയെന്നാണ് ജഡ്ജിയമ്മാവനെ വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്. പ്രശ്നം എത്ര സങ്കീര്‍ണമാണെങ്കിലും ജഡ്ജിയമ്മാവനെ ഉപാസിച്ചാല്‍ പരിഹാരമെന്നാണ് ഇവിടെയെത്തുന്നവരുടെ വിശ്വാസം. ദുര്‍മരണം നടന്ന ജഡ്ജിയുടെ മോക്ഷം ലഭിക്കാത്ത ആത്മാവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ പക്ഷം.

Loading...

Leave a Reply

Your email address will not be published.

More News