Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വളര്‍ത്തു മൃഗങ്ങളെ മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. ഇതില്‍ തന്നെ നായ്ക്കളെയാകും മിക്ക ആളുകളും വീട്ടില്‍ വളര്‍ത്തുന്നത്. വീട്ടില്‍ പ്രായമായവര്‍ക്ക് ഒരു ഉന്മേഷവുമില്ലെന്ന തോന്നലുള്ളവര്‍ ഒരു നായ്ക്കുട്ടിയെ വീട്ടില്‍ വാങ്ങി നോക്കൂ.
വളര്‍ത്തുനായ്ക്കളെ അത്ര നിസ്സാരക്കാരായി കാണേണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അവ വിചാരിച്ചാല്‍ വീട്ടിലെ മധ്യവയസ്സു പിന്നിട്ടവരെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ കഴിയുമത്രേ. ദിവസവും ഏകദേശം രണ്ടു മണിക്കൂര്‍നേരം വളര്‍ത്തുനായയ്‌ക്കൊപ്പം ചെലവഴിക്കുന്ന മധ്യവയസ്‌കര്‍ക്ക് കൂടുതല്‍ ഉന്മേഷം ഉണ്ടാകുമെന്നാണ് ഈ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലണ്ടനിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടന്നത്. സ്വന്തമായി വളര്‍ത്തുനായ വീട്ടില്‍ ഉള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി സര്‍വേയില്‍നിന്നു വ്യക്തമായി. അറുപതുവയസ്സിനോടടുത്ത് പ്രായമുള്ളവരെയാണ് പഠനത്തിനു വിധേയരാക്കിയത്.

ഇതില്‍ വളര്‍ത്തുനായയ്‌ക്കൊപ്പം നിശ്ചിത സമയം നീക്കിവയ്ക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അരമണിക്കൂര്‍ കൂടുതല്‍ നേരം തുറസ്സായ സ്ഥലത്ത് ചെലവഴിക്കുന്നുവെന്നും ഇത് ഇവര്‍ക്ക് കൂടുതല്‍ ശുദ്ധവായു ലഭിക്കുന്നതിന് സഹായമാകുന്നുവെന്നും കണ്ടെത്തി. മാത്രമല്ല ഇതുവഴി വീട്ടിനുള്ളില്‍ ചടഞ്ഞുകൂടിയിരിക്കുന്നതിന്റെ ആലസ്യമോ ക്ഷീണമോ ഇവര്‍ക്കു ഉണ്ടാകുകയുമില്ല.
കൂടാതെ നായയ്‌ക്കൊപ്പം പുറത്തു നടക്കാന്‍ പോകുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ടത്രേ. ഈ നടപ്പ് കൂടുതല്‍ അയല്‍ബന്ധങ്ങളും പരിചയങ്ങളും സൃഷ്ടിക്കുന്നു. ഇതുവഴി വീട്ടില്‍ ഏതുനേരവും ടിവി കണ്ടു നേരം തള്ളിനീക്കുന്നവരേക്കാള്‍ ഇവര്‍ക്ക് മാനസിക ഉല്ലാസം ലഭിക്കുന്നു.
ചുരുക്കത്തില്‍ ലോകാരോഗ്യസംഘടന വയോധികര്‍ക്കു നിര്‍ദേശിക്കുന്ന കായിക പ്രവര്‍ത്തനങ്ങളായ നടപ്പും മറ്റും വളര്‍ത്തുനായ ഉള്ളവര്‍ അറിയാതെ തന്നെ ചെയ്തുപോകുന്നു. ഇത് ഇവരുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉന്മേഷത്തോടെ നിലനിര്‍ത്തുന്നു.
Leave a Reply