Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ജില്ലാ കളക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിൽ വിശക്കുന്നവര്‍ക്ക് ആഹാരം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഓപ്പറേഷന്‍ സുലൈമാനിക്ക് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിന്തുണ. ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓപ്പറേഷന്‍ സുലൈമാനി പദ്ധതി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ പിന്തുണ അറിയിച്ചത്. ദാരിദ്ര്യ രഹിത കോഴിക്കോടിനായി മികച്ച പദ്ധതിയാണ് ഓപ്പറേഷന്‍ സുലൈമാനിയെന്ന് ദുല്‍ഖര്‍ പറഞ്ഞു.
ഷൂട്ടിംഗ് തിരക്കിലായതിനാല്‍ പരിപാടിയില്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും പരിപാടിക്ക് എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നതായും ദുല്‍ഖര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ ഭരണകൂടവും ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനും ചേര്‍ന്നാണ് ഓപ്പറേഷന്‍ സുലൈമാനി സംഘടിപ്പിക്കുന്നത്. മന്ത്രി എം.കെ മുനീര്‍ ഉദ്ഘാടകനായ പരിപാടിയില്‍ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥാ കൃത്ത് അഞ്ജലി മേനോനും പങ്കെടുക്കുന്നുണ്ട്.
ജില്ലാ ഭരണ വിഭാഗത്തിന് കീഴിലുള്ള ഓഫീസുകളിലൂടെയാണ് ഓപ്പറേഷന്‍ സുലൈമാനി പദ്ധതി നടപ്പാക്കുക. വില്ലേജ് ഓഫീസുകള്‍ വഴി ഫുഡ് കൂപ്പണുകള്‍ ലഭിക്കും. ഇത് തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ നല്‍കിയാല്‍ ഉച്ചഭക്ഷണം ലഭിക്കും. ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് കൂപ്പണുകള്‍ വില്ലേജ് ഓഫീസുകളില്‍ പോയി വാങ്ങുന്നത് പ്രയാസമായതിനാല്‍ ഇവിടെ കൂപ്പണ്‍ വിതരണത്തിന് കൗണ്ടര്‍ തുറക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോട് നഗരത്തില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും.
Leave a Reply