Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകി പാട്ടുകേട്ട് നടക്കുന്ന നിരവധി പേരെ നമുക്കു ചുറ്റും ഇന്ന് കാണാനാകും. ബസിലും പാതയോരത്തും പാര്‍ക്കിലും എല്ലാം ഇങ്ങനെ നിരവധി പേരുണ്ടാകും. ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ അമിത ഉപയോഗം ഒന്ന് ശ്രദ്ധിക്കണം.
സ്ഥിരമായി ഇയര്‍ഫോണ്‍ വെച്ച് പാട്ടു കേള്‍ക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ശ്രദ്ധിക്കണം, കാരണം ദീര്‍ഘ സമയത്തെ ഇയര്‍ഫോണ്‍ ഉപയോഗം കേള്‍വിശക്തി കുറയ്ക്കും.
ഇയര്‍ഫോണ്‍ സ്മാര്‍ട്ട്ഫോണില്‍ കണക്ട് ചെയ്ത് ശബ്ദം കൂട്ടുമ്പോള്‍ സ്‌ക്രീനില്‍ സുരക്ഷാമുന്നറിയിപ്പ് വരാറുണ്ട്. എന്നാല്‍ അതും ഒഴിവാക്കി പലരും പിന്നെയും ശബ്ദം കൂട്ടിയിടും. 85 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതാണ് പിന്നീട് കേള്‍വിത്തകരാറിലേക്ക് നയിക്കുന്നത്.
ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമാണ്. കൂടുതല്‍ നേരം സംസാരിക്കുമ്പോള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ നല്ല ഗുണനിലവാരമുള്ളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ. ചെവിക്ക് ഇതാണ് നല്ലത്.
ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ശബ്ദം മികച്ച രീതിയില്‍ കേള്‍പ്പിക്കുന്നവയല്ല. ഇതുകാരണം വീണ്ടും ശബ്ദം കൂട്ടേണ്ടി വരും. ഇത് ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടാന്‍ ഇടയാക്കുകയും കേള്‍വിത്തകരാറിന് ഇടയാക്കുകയും ചെയ്യും. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ശബ്ദം കുറച്ച്വെയ്ക്കാന്‍ ശ്രദ്ധിക്കണം.
ഇയര്‍കനാലിലേക്ക് ഇറക്കിവയ്ക്കുന്ന തരത്തിലുള്ള ഇയര്‍ബഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവെയ്ക്കാന്‍ ശ്രദ്ധിക്കുക.
ഉപയോഗിക്കുന്ന ഇയര്‍ഫോണ്‍ കൃത്യമായി വൃത്തിയാക്കുകയും വേണം. അല്ലെങ്കില്‍ അണുബാധയുണ്ടായേക്കും. ഇതും കേള്‍വിത്തകരാറിന് കാരണമാകും.
ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്ഫോണ്‍ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള മറ്റ് ശബ്ദങ്ങള്‍ വ്യക്തമാവും. അപ്പോള്‍ ഇയര്‍ഫോണിലെ ശബ്ദം പരമാവധി കുറച്ചുവെയ്ക്കുകയും ചെയ്യാം.
നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദം അസഹനീയമാണെങ്കില്‍, പുറത്തുള്ള ശബ്ദങ്ങളെ എല്ലാം അത് മറയ്ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഇയര്‍ഫോണില്‍ കേള്‍ക്കുന്ന ശബ്ദം അടുത്തുള്ളയാള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ അളവ് വലുതാണെന്നോര്‍ക്കുക.
Leave a Reply