Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിലര്‍ക്കെങ്കിലും ഇടയ്ക്ക് ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കേണ്ട സാഹചര്യം വന്നിട്ടുണ്ടാകും. ഇങ്ങനെ ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോള്‍ പലര്‍ക്കും ഭക്ഷണത്തിന് വലിയ രുചിയൊന്നും തോന്നില്ലെന്നു മാത്രമല്ല കഴിക്കാനും തോന്നില്ല പ്രത്യേകിച്ച് പ്രായമായവര്‍ക്ക്.
എന്നാല്‍ ഭക്ഷണത്തോടുള്ള ഈ വൈമുഖ്യത്തിന് ജപ്പാനിലെ ഗവേഷകര്‍ ഒരു പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷണം ഒരു കണ്ണാടിയുടെ മുന്‍പിലിരുന്ന് കഴിക്കുക. അതുമല്ലെങ്കില്‍ നമ്മള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം നമ്മള്‍ കഴിക്കുന്നതിന് അഭിമുഖമായി വയ്ക്കുക. ഇതുവഴി ഭക്ഷണം കഴിക്കാനുള്ള താല്‍പ്പര്യം കൂടുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ഭക്ഷണം രുചികരമായി തോന്നുന്നതും കൂടുതല്‍ കഴിക്കാന്‍ തോന്നുന്നതും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ആരുടെയെങ്കിലും കൂടെ ഇരിക്കുമ്പോഴാണ്. ജപ്പാനിലെ നഗോയ സര്‍വകലാശാല ഗവേഷകര്‍ പറയുന്നത് ഒറ്റയ്ക്കിരുന്ന് കഴിക്കുന്ന വ്യക്തിക്കും ഇതേ ഗുണം ലഭിക്കാന്‍ അയാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ മുന്നില്‍ ഒരു കണ്ണാടി വച്ചാല്‍ മതി എന്നാണ്.
പ്രായം കൂടിയ ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകരിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഇവര്‍ കഴിക്കുന്നതിനു മുന്നില്‍ ഒരു കണ്ണാടി വച്ചു. തുടര്‍ന്ന് ചെറുപ്പക്കാരിലും ഇതേ പരീക്ഷണം ആവര്‍ത്തിച്ചു. മറ്റൊരു പരീക്ഷണത്തില്‍ ഭക്ഷണം കഴിക്കുന്നയാളുടെ മുന്നില്‍ അയാള്‍ ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ വച്ചു. ഈ രണ്ട് പരീക്ഷണങ്ങളിലും ഭക്ഷണത്തോട് ആളുകള്‍ക്ക് താല്‍പ്പര്യം കൂടുകയും കൂടുതല്‍ കഴിക്കുകയും ചെയ്തു.
വൃദ്ധജനങ്ങള്‍ ഭക്ഷണം ആസ്വദിക്കുന്നത് ജീവിതഗുണനിലവാരമായും പതിവായി ഒറ്റയ്ക്കു കഴിക്കുന്നത് വിഷാദവും വിശപ്പില്ലായ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഒറ്റയ്ക്കായി പോകുന്ന പ്രായമായവര്‍ക്ക് ഭക്ഷണത്തോട് താല്‍പ്പര്യം ഉണ്ടാക്കാനും ജീവിതം മെച്ചപ്പെടുത്താനും ഈ മാര്‍ഗം ഉപകരിക്കും.
Leave a Reply