Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:48 pm

Menu

Published on May 8, 2017 at 10:18 am

ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്

emmanuel-macron-elected-as-french-president

പാരിസ്: ഫ്രാന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് വിജയം. ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 65.5 ശതമാനം വോട്ടു നേടിയാണു മുപ്പത്തൊന്‍പതുകാരനായ മാക്രോണ്‍ വിജയിച്ചത്. ഇതോടെ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും മാക്രോണ്‍.

എതിര്‍ സ്ഥാനാര്‍ഥി മാരീന്‍ ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. മാക്രോണ്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകൂ.
മിതവാദി പാര്‍ട്ടിയായ ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ഥിയായിരുന്നു മാക്രോണ്‍.

മേയ് 14-നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് വ്യക്തമാക്കി. ഫ്രഞ്ച് രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാക്രോണ്‍ അനുകൂലികള്‍ പാരിസില്‍ ആഹ്ലാദപ്രകടനം നടത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ മാക്രോണിനെ അഭിനന്ദിച്ചു. മാക്രോണിന്റെ വിജയം ലോകത്തിന്റെ വിജയമാണെന്ന് ഹിലറി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു.

ഫ്രാന്‍സിന്റെയും യൂറോപ്പിന്റെയും ഭാവി തീരുമാനിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തില്‍ ഇടിവുണ്ടായിരുന്നു. പ്രാദേശിക സമയം അഞ്ചുമണിവരെ 66 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. കഴിഞ്ഞ മൂന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ഇതേ സമയത്തുണ്ടായ പോളിങ് നിരക്കിനെ അപേക്ഷിച്ച് ഇതു കുറവാണ്. 2012ല്‍ 72%, 2007ല്‍ 75.1%, 2002ല്‍ 67.6% എന്നിങ്ങനെയായിരുന്നു ഈ സമയത്തെ പോളിങ്.

വൈകിട്ട് എട്ടുമണിവരെ നീണ്ട വോട്ടെടുപ്പില്‍നിന്ന് 25 ശതമാനത്തിനും 27 ശതമാനത്തിനും ഇടയില്‍ ആളുകള്‍ വിട്ടുനിന്നെന്നാണ് അവസാനഘട്ടത്തില്‍ നടത്തിയ നാല് അഭിപ്രായ വോട്ടെടുപ്പുകളിലെ സൂചന.

അതേസമയം, മാക്രോണ്‍ ഇന്നലെ മാധ്യമസമ്മേളനം നടത്താനിരുന്ന ലൂവ്ര് മ്യൂസിയത്തിനു സമീപത്തെ വേദി സുരക്ഷാ കാരണങ്ങളാല്‍ അല്‍പനേരം ഒഴിപ്പിച്ചതു പരിഭ്രാന്തി പരത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഒഴിപ്പിച്ചത്. പ്രചാരണസംഘത്തിന്റെ ഇമെയില്‍ വിവരങ്ങളും മറ്റും ചോര്‍ത്തിയ ഹാക്കിങ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News