Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാന്‍ യാതൊരു തരത്തിലുമുള്ള നീക്കവുമില്ലെന്ന് വ്യക്തമാക്കി നടിയുടെ കുടുംബം.
കേസ് പിന്‍വലിക്കുമെന്നുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും നടിയുടെ മാതൃസഹോദരീ പുത്രന്‍ രാജേഷ് ബി മേനോന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ രണ്ടുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകളില്‍ നടിയും പ്രതികരിച്ചു എന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പല പോസ്റ്റുകളും കാണാനിടയായതുകൊണ്ടും ഒരു സഹോദരന്‍ എന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ടുമാണ് ഇപ്പോള്‍ താന്‍ ഈ കുറിപ്പെഴുതുന്നതെന്ന് പറഞ്ഞാണ് രാജേഷ് പോസ്റ്റ് ആരംഭിക്കുന്നത്.
നടി ഈ കേസില്‍ നിന്നും പിന്മാറുമോ എന്നാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയേണ്ടത്. പിന്മാറാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ മുന്നോട്ട് വരുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയകളും പത്രങ്ങളും തങ്ങളുടെ ഭാവനകള്‍ക്കനുസരിച്ച് നിറം പിടിപ്പിച്ച കഥകള്‍ എഴുതിവിടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം ഒരുകുടുംബത്തേയും അതിയായി വേദനിപ്പിക്കുന്നുണ്ടെന്ന് ഇതിന്റെ സൃഷ്ടികര്‍ത്താക്കള്‍ ഒരുനിമിഷം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മലയാളത്തിലേയും ഇംഗ്ലീഷിലേയും പ്രശസ്തമായ പല പത്രങ്ങളും അവളെ ചിത്രീകരിച്ചരീതി വളരെയധികം വേദനിപ്പിക്കുന്നതാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
തനിക്ക് സംഭവിച്ച ദുരന്തം ഇനിയൊരു ചലച്ചിത്ര താരത്തിനും സംഭവിച്ചുകൂടാ എന്ന ചിന്തയ്ക്കപ്പുറത്ത്, തന്നെപ്പോലൊരാള്‍ക്ക് ഇങ്ങിനെ സംഭവിച്ചാല്‍ ഈ സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്തെല്ലാം സംഭവിച്ചുകൂടാ എന്നും അങ്ങിനെ അനിഷ്ട്ടസംഭവങ്ങളെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടുമാണ് അവള്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നില്ലെന്ന പ്രചരണം ശരിയല്ലെന്നും രാജേഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നടന്‍ ദീലീപും മഞ്ജു വാര്യരും നടിയുമായി ഒരു സംയുക്ത സംരംഭമുണ്ടായിരുന്നുവെന്ന പ്രചരണം തെറ്റാണ്. അത്തരം ഇടപാടുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply