Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ വൈകിട്ട് 7.05-നായിരുന്നു അന്ത്യം. കടുത്ത പനിയും വാര്‍ധക്യസംബന്ധമായ അസുഖങ്ങളും കാരണം ഡിസംബര്‍ മൂന്നുമുതല്‍ ചികിത്സയിലായിരുന്നു. തമിഴിനുപുറമേ തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര മേഖലയില്‍ തന്റേതായ ഇടം സൃഷ്ടിച്ച ബാലചന്ദര്‍ മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ‘ഇടനിലങ്ങളെ’ന്ന ചിത്രം നിര്‍മിച്ചിട്ടുണ്ട്. 1930 ജൂലൈ 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്‌മണകുടുംബത്തിൽ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ച ബാലചന്ദർ അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് ഉദ്യോഗം ഉപേക്ഷിച്ചാണ് നാടകരംഗത്തേക്കും തുടര്‍ന്ന് സിനിമയിലേക്കും പ്രവേശിച്ചത്. 1965-ല്‍ പുറത്തിറങ്ങിയ ‘നീര്‍ക്കുമിഴി’ ആണ് ആദ്യചിത്രം. കമലാഹാസന്‍, രജനികാന്ത്, സരിത, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളെ ചലച്ചിത്രമേഖലയ്ക്ക് പരിചയപ്പെടുത്തിയത് ബാലചന്ദറാണ്. 150 ഓളം സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1975-ൽ അദ്ദേഹം സംവിധാനം ചെയ്‌ത അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് കടന്നു വന്നത്. സിനിമയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2011-ൽ അദ്ദേഹത്തിന് ദാദാ സാഹേബ് ഫാൽക്കേ പുരസ്‌ക്കാരം നൽകി ആദരിച്ചു. 1987-ൽ രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ചു. ഒന്നിലധികം തവണ കേന്ദ്ര-സംസ്‌ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നടനായും പേരെടുത്ത ബാലചന്ദര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന കമലഹാസന്‍ ചിത്രം ‘ഉത്തമവില്ലനിലാ’ണ് അവസാനമായി അഭിനയിച്ചത്.രാജമാണ് ഭാര്യ. പരേതനായ കൈലാശം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവർ മക്കളാണ്.
Leave a Reply