Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:14 pm

Menu

Published on February 1, 2017 at 10:24 am

ഇ. അഹമ്മദ് എം.പി അന്തരിച്ചു

former-union-minister-e-ahmed-passed-away

ന്യൂഡല്‍ഹി:  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടന്നുകൊണ്ടിരിക്കെ ഇന്നലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

പുലര്‍ച്ചെ 2.15 ഓടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മക്കളാണ് മരണവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്.

മൃതദേഹം രാവിലെ എട്ടു മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് എത്തിക്കുകയും കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വെയ്ക്കുകയും ചെയ്യും. ജന്‍മദേശമായ കണ്ണൂരിലാണ് ഖബറടക്കം.

former-union-minister-e-ahmed-passed-away

25 വര്‍ഷം ലോക്‌സഭാഗംവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്ന ഇ. അഹമ്മദ് 1967, 77, 80, 82, 87 വര്‍ഷങ്ങളില്‍ എം.എല്‍.എയായിരുന്നു. 1982 മുതല്‍ അഞ്ചുവര്‍ഷം വ്യവസായമന്ത്രിയായിരുന്നു.

1991, 1996, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചാണ് എം.പിയായത്.

മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍  വിദേശകാര്യം, റെയില്‍വേ,മാനവവിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. കൂടാതെ ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡും ഇ. അഹമ്മദിനാണ്.

തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലിഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ. അഹമ്മദ് എം.പി.യെ കാണാനെത്തിയ മക്കളെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ആശുപത്രി അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധവും നടന്നിരുന്നു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ മക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തശേഷമാണ് മരണവിവരം പുറത്തുവരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News