Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈരാറ്റുപേട്ട: കാമുകി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വരന്‍ വിവാഹത്തലേന്ന് മുങ്ങി.കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ആലപ്പുഴ ജില്ലയിലെ ഒരു കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു വരന്‍. മൂന്നുമാസം മുമ്പാണ് പൂഞ്ഞാര്‍ സ്വദേശികളായ അധ്യാപകദമ്പതിമാരുടെ മകളുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചത്. ഏപ്രില്‍ അഞ്ചിന് രാവിലെ 10.30ന് പൂഞ്ഞാറിലെ ക്ഷേത്രത്തില്‍ നടത്താനായിരുന്നു തീരുമാനം. വിവാഹനിശ്ചയത്തിനുശേഷം ഇയാള്‍ പെണ്‍കുട്ടിയെ പതിവായി ഫോണിലും വിളിച്ചിരുന്നു. വിവാഹത്തിന്റെ തലേദിവസം വധുവിന്റെയും വരന്റെയും വീടുകളില്‍ വിവാഹത്തിനു മുന്നോടിയായ സല്‍ക്കാരങ്ങളും നടന്നു. ആയിരത്തിലധികംപേര്‍ക്ക് വിവാഹസദ്യയ്ക്കുള്ള ഭക്ഷണവും വധൂഗൃഹത്തില്‍ തയ്യാറാക്കിയിരുന്നു. ഇതുകഴിഞ്ഞപ്പോഴാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്. രാവിലെ ക്ഷേത്രത്തില്‍ പോയ വരന്‍ മടങ്ങിയെത്തിയില്ലെന്നാണ് വധുവിന്റെ വീട്ടുകാരെ അറിയിച്ചത്. ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് വരനും അച്ഛനുമെതിരെ ഈരാറ്റുപേട്ട പോലീസില്‍ വഞ്ചനക്കുറ്റത്തിന് പരാതി നല്‍കുകയായിരുന്നു. മകനെ കാണാനില്ലെന്നുകാണിച്ച് വരന്റെ അച്ഛന്‍ ഇരിങ്ങാലക്കുട പോലീസിലും പരാതി നല്‍കി. കാമുകിയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇയാള്‍ മുങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മൊബൈല്‍ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ നെല്ലിയാമ്പതിയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയായ ഇയാള്‍ക്കെതിരെ വധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Leave a Reply