Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ നിയന്ത്രിക്കുന്നതിനായി ഹർത്താൽ നിയമത്തിൽ ഭേദഗതികൾ വരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണു ഹർത്താൽ നിയന്ത്രണ ബില്ലിനു സംസ്ഥാന സർക്കാർ രൂപം നൽകിയത്. മൂന്നു ദിവസത്തെ മുൻകൂർ നോട്ടീസ് ഇല്ലാതെ ഹർത്താൽ നടത്തരുതെന്നും ഇതിൽ വ്യവസ്ഥ വച്ചിട്ടുണ്ട്.മുൻകൂർ നോട്ടീസ് നൽകിയാണു ഹർത്താൽ എങ്കിൽപ്പോലും പ്രത്യേക സാഹചര്യത്തിൽ അതു നിരോധിക്കാനുള്ള അധികാരം സർക്കാരിനു കരടു ബില്ലിൽ നൽകിയിട്ടുണ്ട്.
ആശുപത്രികൾ, മരുന്നുകടകൾ, പാൽ, പത്രം, മീൻ, ജലവിതരണം, ആഹാര വിതരണം, ആംബുലൻസുകളുടെയും ആശുപത്രി വാഹനങ്ങളുടെയും ഗതാഗതം, ഇന്ധന വിതരണം, സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് അവശ്യ സർവീസുകൾ എന്നിവ തടസപ്പെടുത്തിയാലാണു ഹർത്താൽ നിരോധിക്കുക. മാനസികമായും കായികമായും ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ആരെയും ഹർത്താലിൽ പങ്കെടുപ്പിക്കാൻ പാടില്ല. പൊതു സ്ഥാപനങ്ങൾ, സർവീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധർമസ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം തടസപ്പെടുത്തരുത്. അക്രമവും ഭീഷണിയും വഴി കടകൾ അടപ്പിക്കാനോ ഗതാഗതം തടയാനോ പാടില്ല. ഈ നിയമത്തിനു വിരുദ്ധമായി ഹർത്താൽ ആഹ്വാനം ചെയ്യുകയോ നടത്തുകയോ ചെയ്യുന്നവർക്ക് ആറു മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.
Leave a Reply