Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:07 am

Menu

Published on April 24, 2013 at 5:51 am

അതിര്‍ത്തി തര്‍ക്കം: ഇന്ത്യ-ചൈന ഫ്ളാഗ് മീറ്റ് പരാജയം

india-china-boundary-dispute

ന്യൂദല്‍ഹി: ജമ്മു-കശ്മീരിലെ ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നുഴഞ്ഞു കയറി തമ്പടിച്ച ചൈനീസ് സൈന്യത്തെ ഉടന്‍ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ദല്‍ഹിയിലെ ചൈനീസ് സ്ഥാനപതി വെയ് വീയെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ഉത്കണ്ഠ അറിയിച്ചു. നുഴഞ്ഞുകയറ്റം നടന്ന പ്രദേശത്തെ രണ്ടു രാജ്യങ്ങളുടെയും സൈനിക കമാന്‍ഡര്‍മാര്‍ ചൊവ്വാഴ്ച രണ്ടാംവട്ടവും ഫ്ളാഗ് മീറ്റിങ് നടത്തി.

എന്നാല്‍, ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ല. കഴിഞ്ഞ 15ന് ലഡാക്കിനു സമീപം അതിര്‍ത്തി നിയന്ത്രണ രേഖ 10 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നെത്തി താല്‍ക്കാലിക ടെന്‍റടിച്ച ചൈനീസ് പട്ടാളം അവിടെത്തന്നെ തുടരുകയാണ്. അതിര്‍ത്തി നിയന്ത്രണ രേഖയെക്കുറിച്ച് രണ്ടു രാജ്യങ്ങളും വ്യത്യസ്ത നിലപാടു പ്രകടിപ്പിക്കുന്ന ഭൂപ്രദേശമാണിത്. അതിര്‍ത്തി മുറിച്ചുകടക്കുകയോ, മുന്‍കാല കരാറുകള്‍ ലംഘിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ചൈന.

വ്യോമാതിര്‍ത്തി ലംഘിച്ച് രണ്ട് ഹെലികോപ്ടറുകളില്‍ സാമഗ്രികള്‍ എത്തിച്ചാണ് ചൈനയുടെ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ ഭൂപ്രദേശത്ത് ക്യാമ്പ് സ്ഥാപിച്ചത്. ഇതേതുടര്‍ന്ന് ലഡാക്ക് സ്കൗട്ട്സിന്‍െറ അഞ്ചാം ബറ്റാലിയനെ ഇന്ത്യ ഈ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ചൈനീസ് പട്ടാളം സ്ഥാപിച്ച ക്യാമ്പില്‍നിന്ന് അര കിലോമീറ്റര്‍ മാറി ഇന്ത്യന്‍ സേന നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ്, ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സംയമനത്തോടെ പ്രശ്നപരിഹാര നീക്കങ്ങള്‍ നടക്കുന്നത്. ഇത് വലിയൊരു പ്രശ്നമായി വളരില്ലെന്ന പ്രത്യാശയാണ് ഇന്ത്യക്കുള്ളത്.

പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സമയം നല്‍കണമെന്ന്, സംഭവത്തെക്കുറിച്ച് വിശദീകരിച്ച് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. നുഴഞ്ഞുകയറി തമ്പടിച്ചതിനു മുമ്പത്തെ തല്‍സ്ഥിതി തുടരണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മുന്‍കാല ധാരണകള്‍ പ്രകാരം നയതന്ത്രതലത്തില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതൊരു പ്രാദേശിക വിഷയം മാത്രമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 15ന് സംഭവം നടന്നതിനു പിറ്റേന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പൂര്‍വേഷ്യ വിഭാഗം ജോയന്‍റ് സെക്രട്ടറി ചൈനയിലെ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചിരുന്നു. 18ന് ആദ്യത്തെ ഫ്ളാഗ് മീറ്റിങ് നടത്തി. തുടര്‍ന്നാണ് വിദേശകാര്യ സെക്രട്ടറി ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച രാവിലെ വീണ്ടും ഫ്ളാഗ് മീറ്റിങ് നടന്നു. മുമ്പും ഇത്തരത്തില്‍ നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് സമാധാനാന്തരീക്ഷത്തില്‍ തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാറിന് കുറച്ചു സമയം വേണം. അതിര്‍ത്തി സംഭവം ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ബാധിക്കില്ലെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.

വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ ചൈനീസ് അംബാസഡര്‍, പ്രശ്നം പരിശോധിക്കുമെന്നും അതിന് അനുസൃതമായി പ്രതികരിക്കുമെന്നുമാണ് ഇന്ത്യക്ക് നല്‍കിയ ഉറപ്പ്. ചൈനയുടെ അതിര്‍ത്തി പ്രദേശത്ത് പട്രോളിങ് നടത്തുക മാത്രമാണ് ചൈനീസ് സൈനിക സംഘം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, രാജ്യസുരക്ഷാ കാര്യത്തില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്ന പ്രശ്നം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.

 

Loading...

Leave a Reply

Your email address will not be published.

More News