Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2023 8:43 am

Menu

Published on April 24, 2013 at 6:12 am

ഇന്ത്യക്കാരനായ ഉടമ മുങ്ങി; തൊഴിലാളികള്‍ കടുത്ത ദുരിതത്തില്‍

indian-owner-vanished

ദുബൈ: ‘വയറുനിറച്ച് കഴിക്കാന്‍ ഭക്ഷണമില്ല. താമസ സ്ഥലത്തുനിന്ന് പുറത്തുപോകണമെങ്കില്‍ യാത്രാ ചെലവിന് പണമില്ല. ഞങ്ങളുടെ കഥയൊന്നും അറിയാതെ നാട്ടില്‍ കഴിയുന്നവരുടെ സുഖവിവരം അറിയാന്‍ ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഒരു മാസത്തെ ശമ്പളമെങ്കിലും കിട്ടിയാല്‍ ആശ്വാസമായിരുന്നു. മുനിസിപാലിറ്റി നല്‍കുന്ന ഒരു നേരത്തെ ഭക്ഷണം കൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്…’ഇത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ ശബ്ദം ഇടറി. കരയാതിരിക്കാന്‍ ഏറെ പണിപ്പെട്ട് മുഖം തിരിച്ചു.


ഇന്ത്യക്കാരനായ കമ്പനി ഉടമ മുങ്ങിയതിനെ തുടര്‍ന്ന് കടുത്ത ദുരിതത്തിലായ തൊഴിലാളികളുടെ അവസ്ഥയാണിത്. തൊഴിലാളികളും ഓഫിസ് ജീവനക്കാരും ഉള്‍പ്പെടെ 1,200ലേറെ പേരെ വഞ്ചിച്ചാണ് ഗുജറാത്തിയായ ഉടമ മുങ്ങിയത്. ഇതുകാരണം മാസങ്ങളായി ശമ്പളം കിട്ടാതെ സോനാപൂരിലും യു.എ.ഇയുടെ മറ്റു ഭാഗങ്ങളിലുമുള്ള ലേബര്‍ ക്യാമ്പുകളില്‍ അത്യാവശ്യത്തിന് പോലും ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെയാണ് തൊഴിലാളികള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഡോള്‍ഫിന്‍ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി സുധീര്‍ ഭട്ടാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുങ്ങിയത്. ഈ ഗ്രൂപിന് കീഴില്‍ സുവാദ് കോണ്‍ട്രാക്ടിങ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്. ഏതാണ്ട് 70 മലയാളികള്‍ ജോലി ചെയ്യുന്ന ഗ്രൂപില്‍ ഭൂരിഭാഗം ബംഗ്ളാദേശികളാണ്.
ഉടമ മുങ്ങുന്നതിന് മുമ്പുതന്നെ പൊതുവെ രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാകാറുണ്ടെന്ന് തിരുവനന്തപുരം വക്കം സ്വദേശി പത്മരാജന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഏഴര വര്‍ഷം മുമ്പാണ് ഇദ്ദേഹം ഇവിടെ ജോലിക്കെത്തിയത്. 2009ല്‍ മൂന്നു മാസം ശമ്പളം കിട്ടാതായപ്പോള്‍ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇതിനുശേഷവും മിക്ക സന്ദര്‍ഭങ്ങളിലും ശമ്പളം കുടിശ്ശികയായി. എന്നാല്‍, 2012 ഡിസംബര്‍ മുതല്‍ ഇത് നീണ്ടു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശമ്പളം കിട്ടിയില്ല. മാര്‍ച്ചില്‍ കമ്പനി അധികൃതര്‍ നോട്ടീസ് ഇറക്കുകയും രണ്ടുമൂന്നു തവണ അവധി പറയുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ആദ്യം മാര്‍ച്ച് 15നും പിന്നീട് 20നും ശമ്പളം നല്‍കുമെന്നായിരുന്നു ഉറപ്പ്. പക്ഷേ, ഇത് പാലിക്കാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച് 29ന് ശേഷം ജോലി ചെയ്തില്ല. അതേസമയം ഓഫിസ് ജീവനക്കാരും സൈറ്റ് ജീവനക്കാരും ഏപ്രില്‍ 15 വരെ ജോലി ചെയ്തു.
ഇതിനിടെയായാണ് മാര്‍ച്ച് പതിനഞ്ചോടെ ഉടമ മുങ്ങിയത്. ഇദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണെന്ന് പറയപ്പെടുന്നു. അതേസമയം, മാര്‍ച്ച് അവസാനവാരം കമ്പനി പുതിയ മാനേജ്മെന്‍റ് ഏറ്റെടുത്തതായി പറയുകയും ഇവരുടെ പ്രതിനിധികള്‍ ശമ്പള കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇവരാണ് മാര്‍ച്ച് 30 വരെ അവധി പറഞ്ഞത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ചില തൊഴിലാളികള്‍ പരാതി നല്‍കിയപ്പോള്‍, കോണ്‍സുലേറ്റിനെ സമീപിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റില്‍ പരാതി നല്‍കി. ഏപ്രില്‍ 15നകം ശമ്പളം നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുണ്ടാകുമെന്നും കമ്പനി ജനറല്‍ മാനേജരുടെ ചുമതലയുള്ള വ്യക്തിക്ക് യാത്രാ വിലക്ക് വരുമെന്നും കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. പക്ഷേ, ശമ്പളം നല്‍കുന്നതിന് പകരം അദ്ദേഹവും രാജ്യം വിട്ടു. തുടര്‍ന്ന് തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചു.
തൊഴില്‍ മന്ത്രാലയം ഇടപെട്ടതോടെയാണ് ഇവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ ഏതാണ്ട് 250 പേരുടെ വിസ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ലെന്നാണ് സൂചന. പ്രശ്നത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് മന്ത്രാലയം ഉടന്‍ നടപടി സ്വീകരിച്ചു. 40 ലക്ഷത്തോളം ദിര്‍ഹം ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാണ് മന്ത്രാലയം തീരുമാനിച്ചത്. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷിന്‍െറ നിര്‍ദേശപ്രകാരം പ്രസ്തുത സ്ഥാപനത്തിനെതിരായ കേസ് തുടര്‍നടപടികള്‍ക്കായി ദുബൈ പബ്ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതിന് പുറമെയാണ് ബാങ്ക് ഗ്യാരണ്ടി ലിക്വിഡേറ്റ് ചെയ്ത് ശമ്പള കുടിശ്ശിക നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചതെന്ന് ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് റാശിദ് ബിന്‍ ദീമാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച നടപടി ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 3,000 ദിര്‍ഹം വീതം ലഭിക്കുമെന്നാണ് സൂചന. മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല.
തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാന്‍ സാധിക്കുമെങ്കില്‍ അതിന് അനുമതി നല്‍കുമെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി അന്വേഷണത്തിന് പോകാന്‍ യാത്രക്കൂലിക്ക് പോലും പണമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. ഈ കമ്പനിക്ക് കീഴിലെ ഓഫിസ് ജീവനക്കാര്‍ ഇന്‍റര്‍നാഷനല്‍ സിറ്റിയിലെ ഫ്രാന്‍സ്-16ല്‍ താമസിക്കുന്നുണ്ട്. കമ്പനി വക കെട്ടിടം മറ്റൊരാള്‍ക്ക് നേരത്തേ കൈമാറിയതിനാല്‍ ഇവിടെയുള്ള മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ ഏറെ വൈകാതെ താമസ സ്ഥലം ഒഴിയേണ്ട അവസ്ഥയാണ്.

Loading...

Leave a Reply

Your email address will not be published.

More News