Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 2, 2023 7:26 am

Menu

Published on May 6, 2013 at 5:47 am

സിറിയയില്‍ വീണ്ടും ഇസ്രയേലി ആക്രമണം

israel-attack-in-siria

ഡമാസ്കസ്/ബെയ്റൂട്ട്: മൂന്നുദിവസത്തിനിടെ രണ്ടാംവട്ടവും സിറിയക്കുനേരെ ഇസ്രയേലി വ്യോമാക്രമണം. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലും പരിസരത്തും ശക്തമായ നിരവധി സ്ഫോടനങ്ങളുണ്ടായി. ഡമാസ്കസിലെ സൈനിക- ശാസ്ത്രഗവേഷണ നിലയം ആക്രമണത്തിനിരയായെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി “സനാ” റിപ്പോര്‍ട്ട്ചെയ്തു. നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും മരണസംഖ്യ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പാശ്ചാത്യപിന്തുണയോടെ സര്‍ക്കാര്‍വിരുദ്ധ കലാപം ശക്തമായ സിറിയയില്‍ ഇസ്രയേലിന്റെ സൈനിക ഇടപെടല്‍ അമേരിക്കന്‍ചേരിയുടെ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.ലെബനണിലെ ഹിസ്ബുള്ളയ്ക്ക് ആയുധം കടത്തുന്നത് തടയാനാണ് തങ്ങള്‍ സിറിയയില്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാല്‍, ഇത് പൂര്‍ണമായും മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് അവരുടെതന്നെ നീക്കങ്ങള്‍ വ്യക്തമാക്കുന്നു. തികച്ചും ആസൂത്രിതമായാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. വ്യാഴാഴ്ച മുതല്‍തന്നെ ലെബനണിനു മുകളില്‍ ഇസ്രയേലി പോര്‍വിമാനങ്ങള്‍ വട്ടമിട്ടിരുന്നു. വ്യാഴാഴ്ച രാത്രി രഹസ്യമായി ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി ഉടന്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇതിനെ ന്യായീകരിച്ച് അമേരിക്ക ഉടന്‍ രംഗത്തെത്തിയതും ശ്രദ്ധേയമായി. സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത കലാപകാരികളെ ഉപയോഗിച്ചുള്ള ശ്രമം എങ്ങുമെത്താത്ത സാഹചര്യത്തില്‍ അടുത്ത നടപടികളെക്കുറിച്ച് അമേരിക്കന്‍ചേരി ആലോചിക്കുകയാണ്. അസദ് വിമതഭീകരര്‍ക്കെതിരെ രാസായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അസദിനെതിരെ സിറിയയില്‍ സൈനികമായി ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ഒബാമ ഭീഷണി മുഴക്കി. ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഇസ്രയേലി ആക്രമണം തികച്ചും ആസൂത്രിതമാണെന്ന് വ്യക്തം. ജംരായ സൈനിക-ശാസ്ത്രഗവേഷണ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടതെന്ന് സനാ റിപ്പോര്‍ട്ട്ചെയ്തു. പുലര്‍ച്ചെ മൂന്നോടെയാണ് ആക്രമണമുണ്ടായതെന്ന് ഡമാസ്കസിലെ സാമൂഹ്യപ്രവര്‍ത്തകനായ മാത് അല്‍ ഷാമി പറഞ്ഞു. അതിശക്തമായ സ്ഫോടനങ്ങളില്‍ തലസ്ഥാനമാകെ കുലുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. വ്യോമാക്രമണത്തിനുപിന്നാലെ അയണ്‍ ഡോം റോക്കറ്റ് പ്രതിരോധ സംവിധാനവും ഇസ്രയേല്‍ അതിര്‍ത്തിയില്‍ സജ്ജമാക്കി. ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം തടയാനാണ് ഇതെന്നാണ് വിശദീകരണം. 2006ല്‍ ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഹിസ്ബുള്ള വിക്ഷേപിച്ചിരുന്നു. അതേസമയം, സിറിയക്കെതിരായ ആക്രമണത്തെ ഇറാന്‍ ശക്തമായി അപലപിച്ചു. സിറിയക്കൊപ്പം ഉറച്ചുനില്‍ക്കുന്ന ഇറാനുള്ള മുന്നറിയിപ്പ് കൂടിയാണ് ആക്രമണമെന്ന് ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് മുന്‍ മേധാവി അമോസ് യാദ്ലിന്‍ പറഞ്ഞു. അതേസമയം, വടക്കന്‍ സിറിയയിലെ മിനിഗ് സൈനിക വിമാനത്താവളത്തിന്റെ കമാന്‍ഡര്‍ ജനറല്‍ അലി മഹ്മൂദ് വിമത ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യത്തിനുതന്നെയാണെന്നും മേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. അലിപ്പോ അടക്കമുള്ള വിമാനത്താവളങ്ങള്‍ പിടിച്ചെടുക്കാന്‍ ഈവര്‍ഷം തുടക്കംമുതല്‍ വിമതര്‍ ശ്രമിക്കുകയാണെങ്കിലും വിജയിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News