Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:32 am

Menu

Published on April 25, 2013 at 4:36 am

ജെ.പി.സിയില്‍ തന്ത്രത്തിന്റെ ബലാബലം

jpc-main

ന്യൂദല്‍ഹി: 2ജി ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതി(ജെ.പി.സി)യുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. കരടു റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതിന് ചെയര്‍മാന്‍ പി.സി ചാക്കോയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം അടിച്ചുപിരിഞ്ഞേക്കും. അംഗസംഖ്യയില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണെന്നിരിക്കേ, നാടകീയ സംഭവങ്ങള്‍ക്ക് സാധ്യതയേറെ.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും 15 വീതം അംഗങ്ങളാണ് ജെ.പി.സിയില്‍. ചെയര്‍മാനെ മാറ്റിനിര്‍ത്തി നോക്കിയാല്‍ പ്രതിപക്ഷത്തിനാണ് ഒരു വോട്ടിന്‍െറ മുന്‍തൂക്കം. സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി അംഗങ്ങള്‍ കൂടി സര്‍ക്കാറിനെതിരെ തിരിഞ്ഞാല്‍ ഭരണപക്ഷം തോല്‍ക്കും. ജെ.പി.സി ഉണ്ടാക്കിയ സമയത്ത് ഭരണപക്ഷത്തായിരുന്ന ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും ഇന്ന് ഒപ്പമില്ല.
എ. രാജയുടെ വിശദീകരണം കേള്‍ക്കാന്‍ ജെ.പി.സി തയാറാകാത്തതിനാല്‍ ഡി.എം.കെ ക്ഷുഭിതരാണ്. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ക്ളീന്‍ ചിറ്റ് നല്‍കി, ക്രമക്കേടിന്‍െറ ഉത്തരവാദിത്തം മുന്‍മന്ത്രി എ. രാജക്കു മേല്‍ ചാര്‍ത്തിക്കൊടുക്കുന്ന കരട് റിപ്പോര്‍ട്ടാണ് ചാക്കോ തയാറാക്കിയിട്ടുള്ളത്. ബി.ജെ.പി ഭരിച്ച കാലത്തും ക്രമക്കേട് നടന്നുവെന്ന് റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. ഇതില്‍ രോഷം കൊള്ളുന്ന ബി.ജെ.പി ബദല്‍ റിപ്പോര്‍ട്ട് കൊണ്ടുവരാനുള്ള നീക്കവും നടത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ തന്ത്രപരമായ നീക്കത്തിലൂടെ കരടു റിപ്പോര്‍ട്ട് ഔദ്യാഗിക രേഖയാക്കുകയും പ്രതിപക്ഷത്തെ കടത്തിവെട്ടുകയും ചെയ്യുക എന്ന വെല്ലുവിളിയാണ് ചാക്കോക്കു മുന്നില്‍. 2ജി അഴിമതി അന്വേഷിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതി ഫലത്തില്‍ വസ്തുതകള്‍ മുന്നോട്ടു വെക്കുന്നില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാണ് മേല്‍കൈ.
വ്യഴാഴ്ചത്തെ യോഗത്തില്‍ ചെയര്‍മാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമായിരിക്കും. നാല് സാധ്യതകളാണ് പ്രധാനമായും ചാക്കോക്കു മുന്നില്‍.
കരടു റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും സംഘവും ഇറങ്ങിപ്പോകാന്‍ സാധ്യതയില്ലെന്നിരിക്കേ, വോട്ടെടുപ്പ് ഒഴിവാക്കുക. കരടു റിപ്പോര്‍ട്ടിനെക്കുറിച്ച് എതിരഭിപ്രായമുള്ളവര്‍ക്ക് വിയോജനക്കുറിപ്പ് എഴുതാമെന്ന് തന്ത്രപൂര്‍വം ചാക്കോ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനൊപ്പം വിയോജനക്കുറിപ്പു കൂടി ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് പ്രതിപക്ഷം തയാറായാല്‍ സര്‍ക്കാര്‍ ജയിച്ചു. പക്ഷേ, ഒരു യുദ്ധത്തിന് തയാറായാണ് ബി.ജെ.പിയുടെ നില്‍പ്.
കരടു റിപ്പോര്‍ട്ട് ഒറ്റയടിക്ക് പാസാക്കുകയോ തള്ളുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. ഇതിനായി ഓരോ അധ്യായവും പ്രത്യേകമായി പരിഗണിച്ച് പാസാക്കുക. കരടു റിപ്പോര്‍ട്ടിലെ ഭൂരിപക്ഷം ഭാഗങ്ങളും ഇങ്ങനെ പാസാക്കിയ ശേഷം മാത്രം, തര്‍ക്കമുള്ള അധ്യായങ്ങളിലേക്ക് കടക്കുക. ഭൂരിപക്ഷം അധ്യായങ്ങളും അംഗീകരിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് പാസായില്ലെന്നു വാദിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല.
ജെ.പി.സി റിപ്പോര്‍ട്ടിന്മേല്‍ വോട്ടെടുപ്പു നടത്തുന്ന കീഴ്വഴക്കമില്ലെന്ന് വാദിക്കാനും ഭരണപക്ഷം ശ്രമിക്കുന്നുണ്ട്. അഞ്ചാമത്തെ ജെ.പി.സിയാണിത്. മറ്റു നാലിലും വിയോജനക്കുറിപ്പുകള്‍ പ്രത്യേകമായി രേഖപ്പെടുത്തുകയാണ് ചെയ്തത്. അതുകൊണ്ട് മുന്‍കാല കീഴ്വഴക്കം ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് ഒഴിവാക്കാന്‍ ശ്രമിക്കാം.
വോട്ടെടുപ്പ് ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതി വന്നാല്‍, ചെയര്‍മാന് രണ്ട് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക. ലോക്സഭാ ചട്ടം 262 ഇക്കാര്യത്തില്‍ ഭരണപക്ഷത്തിന് സഹായകമാണ്. അതു പ്രകാരം ജെ.പി.സിയിലെ മറ്റേതൊരു അംഗത്തെയും പോലെ ചാക്കോക്കും വോട്ടു ചെയ്യാന്‍ അവകാശമുണ്ട്. രണ്ടു പക്ഷത്തും തുല്യം വോട്ടാണ് കിട്ടുന്നതെങ്കില്‍, ചെയര്‍മാന്‍ എന്ന നിലയില്‍ കാസ്റ്റിങ് വോട്ട് ഉപയോഗിക്കാമെന്നാണ് തൊട്ടടുത്ത വാദം.
ഇതിനിടെ, ജെ.പി.സിയിലെ തീപ്പൊരികള്‍ക്ക് തുടക്കമിട്ട് ബി.ജെ.പി നേതാവ് യശ്വന്ത്സിന്‍ഹ പ്രധാനമന്ത്രിക്ക് കത്തെഴുതി. മന്‍മോഹന്‍സിങ് ജെ.പി.സി യോഗത്തിനു മുമ്പാകെ ഹാജരാകണമെന്നാണ് കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News