Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:23 am

Menu

Published on November 1, 2016 at 3:46 pm

കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞു

kamal-haasan-hassan-gautami-part-ways-after-living-together

ചെന്നൈ: നടന്‍ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പ്പിരിഞ്ഞു. ഗൗതമി തന്നെയാണ് ബ്ലോഗിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. അതോടെ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി. പതിമൂന്നു വര്‍ഷത്തെ ബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 1989-ലാണ് അപൂര്‍വ സഹോദരങ്ങള്‍ എന്ന സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് 2003-ല്‍ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല. ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും.

ബ്ലോഗില്‍ ഗൗതമി കുറിച്ചത് ഇങ്ങനെ…

എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ അവസ്ഥയാണ് ഇത്. ഞാനും കമല്‍ഹാസനും വേര്‍പിരിയുകയാണ്. പതിമൂന്നുവര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എന്റെ ജീവിതത്തില്‍ ഇതുവരെ എടുത്തിട്ടുള്ളതില്‍ ഏറ്റവും മനഃക്ലേശമുണ്ടാക്കുന്ന തീരുമാനമാണ് ഇത്. പരസ്പരമുള്ള ബന്ധങ്ങള്‍ക്കിടെ രണ്ടുപേരുടെയും വഴി വ്യത്യസ്മാകുന്ന അവസ്ഥ അത്ര സുഖകരമല്ല. ഒന്നുകില്‍ ഒരാള്‍ മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുക അല്ലെങ്കില്‍ ഏകാന്തതയെന്ന സത്യത്തിലേക്ക് നടന്നു നീങ്ങുക. ഇതെന്റെ മനസ്സില്‍ ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാല്‍ ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രണ്ടു വര്‍ഷങ്ങള്‍ വേണ്ടി വന്നു

ആരുടെയെങ്കിലും തലയില്‍ കുറ്റം ചുമത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാറ്റമെന്ന് പറയുന്നത് അനിവാര്യമാണ്. മനുഷ്യനിലും അതുണ്ടാകാം. ബന്ധങ്ങളിലും ഈ മാറ്റങ്ങള്‍ മൂലം പ്രശ്നങ്ങളുണ്ടാകാം. എന്റെ ഈ പ്രായത്തില്‍ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാല്‍ അത് അത്രയേറെ അത്യാവശ്യമാണ്. ഞാന്‍ ഒരു അമ്മയാണ്. മക്കള്‍ക്ക് വേണ്ടി ഒരു നല്ല അമ്മ ആയിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അങ്ങനെ ആകാന്‍ എന്റെ ഉള്ളില്‍ തന്നെ മനസമാധാനം വേണം.

സിനിമയില്‍ വന്ന കാലം മുതലേ ഒരു കമല്‍ഹാസന്‍ ആരാധികയാണ് ഞാന്‍. അത് ഞാന്‍ ഇനിയും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളില്‍ എപ്പോഴും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളിലെയും കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാന്‍ സാധിച്ചു. അതെല്ലാം എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്. ഇനിയും അദ്ദേഹത്തിന് ഒരുപാട് ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ.

എന്റെ ജീവിതയാത്രയിലെ എല്ലാ ഘട്ടങ്ങളിലും നിങ്ങള്‍ ഒപ്പമുണ്ടായിരുന്നു. അതിനാലാണ് ഈ നിര്‍ണായകതീരുമാനം നിങ്ങളെ കൂടി അറിയിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 29 വര്‍ഷത്തിനിടെ നിങ്ങളുടെ പ്രാര്‍ത്ഥനയും സ്നേഹവുമെല്ലാം എനിക്കൊപ്പം ഉണ്ടായിരുന്നു. വേദന നിറഞ്ഞ പാതകളിലൂടെയുള്ള യാത്രയില്‍ ഇനിയും നിങ്ങള്‍ ഉണ്ടാകണം കൂടെ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News