Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒട്ടാവ : ജനിച്ച് 16 മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ വെച്ച് നഴ്സിന്റെ വേഷമിട്ട് എത്തിയ യുവതി തട്ടിക്കൊണ്ടു പോയി.എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഫേസ്ബുക്കിൻറെ സഹായത്തോടെ ആ കുഞ്ഞിനെ തിരികെ കിട്ടുകയും ചെയ്തു. കാനഡയിലെ ക്യൂബക്കിനടുത്തുള്ള ആശുപത്രിയിൽ വെച്ച് മെലിസ മക്മഹാന്‍ എന്ന യുവതി പ്രസവിച്ച 16 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്സിന്റെ യൂണിഫോം ധരിച്ചെത്തിയ യുവതി തട്ടിക്കൊണ്ടുപോയത്. പ്രസവശേഷം മെലിസയും കുഞ്ഞും കിടന്നിരുന്ന മുറിയിലേക്ക് വന്ന യുവതി കുഞ്ഞിനെ പ്രതിദിന പരിശോധനകള്‍ക്കായി റൂമിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞു.യാതൊരു സംശയവുമില്ലാതെ മെലിസ കുഞ്ഞിനെ യുവതിയുടെ കയ്യിലേൽപ്പിച്ചു.എന്നാൽ യുവതി കുഞ്ഞുമായി ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി പോവുകയായിരുന്നു.
കുറച്ചു സമയത്തിനു ശേഷമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതാണെന്ന് അറിവ് ലഭിച്ചത്.ഉടൻ തന്നെ സംഭവം പോലീസിൽ അറിയിച്ചു.തുടർന്ന് നടന്ന അന്വേഷണത്തിൽ യുവതിയെ കുറിച്ചും അവരുടെ കാറിനെ കുറിച്ചുമുള്ള വിവരം ലഭിച്ചു.ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് യുവതിയുടെ ചിത്രവും ലഭിച്ചു.പിന്നീട് റോഡുകളില്‍ അടിയന്തിര പരിശോധന നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഇതിനിടെ, കുട്ടിയുടെ പിതാവ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വിവരങ്ങളും യുവതിയുടെ ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇത് ഷെയർ ചെയ്യണമെന്നും അഭ്യർഥിച്ചു.നിമിഷങ്ങൾക്കകം തന്നെ നിരവധി ആളുകൾ ഇത് ഷെയർ ചെയ്യുകയും ചെയ്തു.ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിക്കുകയായിരുന്ന ഷാര്‍ലെയിന്‍ പ്ലാന്റിമോനെ എന്ന യുവതിയും ഈ ചിത്രങ്ങള്‍ കാണാനിടയായി.അപ്പോൾ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ യുവതി തൻറെ പഴയ അയല്‍വാസിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.ഉടനെ തൻറെ സുഹൃത്തുക്കളെയും കൂട്ടി തൻറെ പഴയ അയൽക്കാരിയുടെ വീട്ടിലെത്തി.അപ്പോൾ യുവതി അവിടെ ഉണ്ടായിരുന്നു.ഉടനെ അവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കുട്ടിയെ കാണാതായതോടെ തകർന്നു പോയ ആ അമ്മ കുഞ്ഞിനെ തിരികെ ലഭിച്ചപ്പോൾ വാരിയെടുത്ത് ഉമ്മ വെച്ചു.ഈ ദൃശ്യങ്ങള്‍ ഷാര്‍ലെയിന്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ തിരിച്ചു കിട്ടിയതിന് ഫേസ്ബുക്ക് സൌഹൃദ ലോകത്തോട് മാതാപിതാക്കൾ നന്ദി പറഞ്ഞു.
Leave a Reply