Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘മധുരനാരങ്ങ’ എന്ന തൻറെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലെ റോള സ്ക്വയറിൽ ടാക്സി ഡ്രൈവറുടെ വേഷം ധരിച്ച് കുഞ്ചാക്കോ ബോബൻ കാറിലിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു അറബി കുടുംബം അവിടേക്ക് വന്ന് കുഞ്ചാക്കോ ബോബൻ ഇരിക്കുന്ന ടാക്സിയിൽ കയറി. എന്നിട്ട് ഷാർജ മാർക്കറ്റിലേക്ക് പോകാൻ നിർദ്ദേശിച്ചു. ഇത് കേട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ കുഞ്ചാക്കോ ബോബൻ അമ്പരന്നു പോയി. കുഞ്ചാക്കോ ബോബൻ യഥാർത്ഥ ഡ്രൈവറാണെന്നാണ് അറബി കുടുംബം കരുതിയത്. ഉടൻ തന്നെ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും അവിടേക്ക് ഓടിയെത്തി. അറബി കുടുംബത്തെ കാര്യം പറഞ്ഞ് മനസിലാക്കി. അപ്പോഴാണ് കുഞ്ചാക്കോ ബോബന് ആശ്വാസമായത്. ഇതൊരു സിനിമ ഷൂട്ടിംഗാണെന്നും കുഞ്ചാക്കോ ബോബൻ ആണ് ചിത്രത്തിലെ നായകൻ എന്നും അറിഞ്ഞതോടെ അറബിയും കുടുംബവും കുഞ്ചാക്കോ ബോബനോടൊപ്പം നിന്ന് ഫോട്ടോയൊക്കെ എടുത്ത ശേഷമാണ് തിരികെ പോയത്. നിഷാദ് കോയ തിരക്കഥ രചിക്കുന്ന സിനിമയിൽ കുഞ്ചാക്കോയ്ക്കൊപ്പം ബിജു മേനോനും ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ്, നിയാസ് ബക്കർ, സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അന്തരിച്ച പ്രശസ്ത നടൻ രതീഷിന്റെ മകൾ പാർവ്വതി ഈ ചിത്രത്തിലൂടെ പുതുമുഖമായി വെള്ളിത്തിരയിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുബായിലും ശ്രീലങ്കയിലുമായാണ് മധുര നാരങ്ങയുടെ ചിത്രീകരണം നടക്കുന്നത്.
Leave a Reply