Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: കുണ്ടറയില്‍ 10 വയസുകാരി പീഡനത്തിന് ഇരയായി മരിച്ച കേസില്‍ മുത്തച്ഛന്‍ വിക്ടറിന്റെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടര്‍.
മുത്തശ്ശിയുടെ മൊഴിയാണ് ഇയാള്‍ക്കെതിരെ കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്ന് മുത്തശ്ശി വെളിപ്പെടുത്തിയിരുന്നു.
കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടര്‍. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്. അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതി നിയമത്തിന്റെ സങ്കീര്‍ണതകളെപ്പറ്റി ബോധവാനായിരുന്നു. അറസ്റ്റിലായാലും കേസ് തെളിയിക്കാനാവില്ലെന്ന് ഇയാള്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചതായാണ് റിപ്പോര്‍ട്ട്.
ലോഡ്ജ് മാനേജരായി ജോലി ചെയ്യവേ ഇയാള്‍ പുരുഷന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴിയുണ്ട്. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പ്രതി വിക്ടറിനെതിരെ കേസെടുത്തിട്ടുണ്ട്.
നാലു ദിവസത്തെ ചോദ്യം ചെയ്യലിനും കൗണ്‍സിലിങ്ങിനും ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായത്. ഇതോടെയാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്.
താന്‍ ആത്മഹത്യ ചെയ്യുമെന്നു മരണത്തിനു മൂന്നു നാലു ദിവസം മുന്‍പു പെണ്‍കുട്ടി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പു വരെയുള്ള സമയത്തിനിടെ പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചനയുണ്ട്.
കഴിഞ്ഞ ജനുവരി 15 നാണ് 10 വയസുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു.
കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിലുണ്ടായിരുന്നു. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നുായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.
മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. ആത്മഹത്യാക്കുറിപ്പിലുള്ളത് കുട്ടിയുടെ കൈപ്പട തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ആരെങ്കിലും കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചതാണോ എന്നു പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
Leave a Reply