Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലും തമിഴിലും പ്രശസ്തനായ സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്‍.
ഇയാളുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍വെച്ച് തന്നെ പരസ്യമായി അപമാനിച്ചെന്നും ചീത്തവിളിച്ചെന്നും ലക്ഷ്മി പറയുന്നു. ഇക്കാരണത്താല്‍ തന്നെ അഭിനയിച്ച ചില രംഗങ്ങള്‍ 25 തവണയൊക്കെ വീണ്ടും ചിത്രീകരിക്കുകയുനണ്ടായിട്ടുണ്ട്. മന:പൂര്‍വ്വമായിരുന്നു ഇതൊക്കെയെന്നും ലക്ഷ്മി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ഈ മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും തുടര്‍ന്നും കൂടുതല്‍ മോശമായിട്ടായിരുന്നു പെരുമാറ്റമെന്നും ലക്ഷ്മി പറയുന്നു. സിനിമാമേഖലയില്‍ ഉടനീളം ഇത്തരം ആളുകളുണ്ട്. പക്ഷേ ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി.
ഇതിനൊപ്പം ഈ അടുത്തുണ്ടായ ഒരു അനുഭവവും ലക്ഷ്മി രാമകൃഷ്ണന്‍ വിവരിച്ചു. ഒരു സംവിധായകന്‍ അയച്ച ആള്‍ പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ തന്റെ ഫ്‌ളാറ്റിലെത്തി. ആദ്യം സിനിമയെക്കുറിച്ച് പറഞ്ഞു. പിന്നെ ചില അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ചും. ഡേറ്റിന്റെ വിഷയമാണ് അഡ്ജസ്റ്റ്മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് താന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് അയാള്‍ മറ്റുചില കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാക്കിയതെന്നും ഇതോടെ കൂടുതലൊന്നും സംസാരിക്കാതെ അയാളെ പുറത്താക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.
ഇത്തരം സമീപനങ്ങളാണ് തനിക്ക് സിനിമകള്‍ കുറയ്ക്കാന്‍ കാരണമെന്നും ബുദ്ധിമതികളായ സ്ത്രീകളോടൊപ്പം ജോലിചെയ്യാന്‍ പല സംവിധായകര്‍ക്കും താല്‍പ്പര്യമില്ലെന്നും ലക്ഷ്മി പറയുന്നു. പ്രതിഫലം ചോദിച്ചുവാങ്ങുന്നതുപോലും പലര്‍ക്കും ഇഷ്ടമല്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.
തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ സിനിമയില്‍ മാറ്റമൊന്നും വരുന്നില്ല. സിനിമാമേഖലയില്‍ ഇപ്പോഴും സ്ത്രീകളെ കീഴടക്കിവച്ചിരിക്കുകയാണ്, അവരെ ചൂഷണം ചെയ്യുകയാണ്, ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു.
Leave a Reply