Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ബംഗളൂരുവില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം മെഷീന്‍ മോഷണം പോയി. എ.ടി.എമ്മില്‍ നിന്ന് പണം മോഷ്ടിക്കുന്നത് ബംഗളൂരുവില്‍ നിത്യസംഭവമാണ്. എന്നാല്‍ എ.ടി.എം മെഷീന്‍ തന്നെ മോഷണം പോകുന്നത് ആദ്യ സംഭവമാണ്.15 ലക്ഷത്തോളം രൂപ എ.ടി.എമ്മിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്ക് ബ്രാഞ്ച് മാനേജരുടെ പരാതി പ്രകാരം ബംഗ്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 500കി.ഗ്രാം ഭാരമുള്ള എ.ടി.എം വേണ്ടത്ര ഉറപ്പില്ലാതെയാണ് നിലത്ത് സ്ഥാപിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. എ.ടി.എം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ വയറുകള്‍ മുറിച്ചു മാറ്റി വളരെ വിദഗ്ധമായാണ് മോഷണം നടത്തിയിരിക്കുന്നത്. എ.ടി.എമ്മിനടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.ബംഗളൂരുവിന്റെ വടക്ക് കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് ആറ് പേരടങ്ങുന്ന സംഘം മോഷ്ടിച്ചത്. രാത്രി പട്രോളിങ് നടത്തുന്ന പോലീസ് സംഘമാണ് ബാങ്കിന് മുന്നിലുള്ള എ.ടി.എമ്മിലെ യന്ത്രം മോഷണം പോയകാര്യം അറിയിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി.ആര്‍ സുരേഷ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ബാങ്ക് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. എ.ടി.എം മെഷീന്റെ സുരക്ഷയ്ക്ക് വേണ്ട യാതൊരുവിധ മുന്‍കരുതലുകളും ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Leave a Reply