Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 4, 2026 7:32 pm

Menu

Published on April 25, 2017 at 10:40 am

മണിയുടേത് നാടന്‍ ശൈലി; പ്രസ്താവനകള്‍ വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി

mm-mani-pinarayi-vijayan-cpm-cpi

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ സംസാരം തനി നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടുക്കിയിലെ പ്രശ്നങ്ങള്‍ നന്നായി അറിയുന്ന ആളാണ് മണിയെന്നും അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രസ്താവനയെ പര്‍വതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എം.എം മണിയുടെ സ്ത്രീത്വത്തിനെതിരായ പരാമര്‍ശവും മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുന്നതിനുള്ള ഗൂഢശ്രമം നടന്നു. ഇതിന്റെ ഭാഗമായിരുന്നു മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശമെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. മകന്‍ നഷ്ടപ്പെട്ട അമ്മയെ പോലും മോശമായി പറയുന്ന മണി പ്രാകൃതനാണെന്നും മണിയുടെ പ്രസംഗം ഒട്ടും അന്തസുള്ളതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ദേവികുളം സബ് കളക്ടറെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞ നടപടി ശരിയല്ലെന്നും 17-ാം തീയതിയിലെ ഒഴിപ്പിക്കല്‍ ശരിയായ നടപടിയായിരുന്നെന്നും പറഞ്ഞ മുഖ്യമന്ത്രി ഇടുക്കിയിലെ പല ആരാധനാലയങ്ങളും കൈയേറ്റ ഭൂമിയിലാണിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ അറിയാതെയാണ് 144 പ്രഖ്യാപിച്ചത്. കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണം. വന്‍കിട കൈയേറ്റം സര്‍ക്കാര്‍ ഒഴിപ്പിക്കും. ജനപിന്തുണയോടെ ഒഴിപ്പിക്കല്‍ നടപടി മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ എം.എം മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം ശക്തമായ രീതിയില്‍ പ്രതികരിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാണു പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്.

സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News