Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 3:43 pm

Menu

Published on March 9, 2016 at 10:09 am

മണിയെ അനുസ്മരിച്ചില്ലെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന് ലാലിന്റെ മറുപടി

mohanlal-on-why-he-chose-to-remain-silent-on-kalabhavan-manis-demise

അന്തരിച്ച നടൻ കലാഭവൻ മണിയെ അനുസ്മരിച്ചില്ലെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന് മറുപടി നല്‍കി കൊണ്ട് നടന്‍ മോഹന്‍ലാല്‍ രംഗത്ത്.മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ താന്‍ അവിടേക്ക് വിളിക്കുന്നുണ്ടായിരുന്നു. വിവരങ്ങളെല്ലാം അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മണിയെ ആശുപത്രിയില്‍ എത്തിച്ചതു പോലും പലരും അറിഞ്ഞിരുന്നില്ല. മോഹന്‍ലാല്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ കുറിപ്പിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെ…

കലാഭവന്‍ മണി മരിച്ചിട്ട് തൊട്ടടുത്ത ദിവസം നിങ്ങള്‍ എന്താണ് എവിടെയും ഒന്നും പറയാതിരുന്നത്. സമൂഹമാധ്യമങ്ങളില്‍ പലരും ചോദിക്കുന്നത് കണ്ടു. ഇതിന് ഞാന്‍ മറുപടി പറയേണ്ടതില്ലെന്ന് ആദ്യം കരുതിയതാണ്. എന്നാല്‍ എനിക്കിപ്പോള്‍ ഇത് കുറിക്കണം എന്ന് തോന്നുന്നു.

മണി ആശുപത്രിയിലെത്തിയത് മുതല്‍ ഞാന്‍ അവിടെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടാകുമ്പോഴേക്കും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു മണി അപകടത്തിലേക്കാണ് പോകുന്നതെന്ന്. മണിയെ ആശുപത്രിയിലെത്തിച്ചതുപോലും അധികമാരും അറിഞ്ഞിരുന്നില്ല. അന്ന് രാവിലെ മാത്രമാണ് പലരും ഇതറിയുന്നത്. മണിയുടെ മരണം എന്നിലുണ്ടാക്കിയത് ഒരു നിസ്സംഗതയാണ്. ആരോടും ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണ് സത്യം. പത്മരാജന്‍ സാറിന്റെയും ആലുംമൂടന്‍ ചേട്ടന്റെയും മരണം ഞാന്‍ തൊട്ടടുത്ത് കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ നിസ്സംഗതയായിരുന്നു ഈ വിവരം കിട്ടിയപ്പോഴും.

മണി എല്ലാം തുറന്നുപറയുന്ന വല്ലാത്തൊരു പ്രകൃതമായിരുന്നു. വീട്ടിലെ ചെറിയ കാര്യങ്ങള്‍ പോലും പങ്കുവച്ചു. രോഗത്തിന് മുന്നിലുള്ള നിസ്സഹായതയെക്കുറിച്ച് പറഞ്ഞപ്പോള്‍ മാത്രം ഞാനിതുവരെ കാണാത്തൊരു മണിയെ കണ്ടു. കരള്‍ രോഗത്തില്‍നിന്ന് രക്ഷപെടാനുള്ള വൈദ്യശാസ്ത്ര വഴികളെക്കുറിച്ച് അന്ന് ഞങ്ങള്‍ സംസാരിച്ചു. മണിയെ ജീവിതത്തില്‍ ആദ്യമായി തളര്‍ന്ന് കാണുകയായിരുന്നു.

മണി വീട്ടില്‍നിന്ന് വിളിച്ച് അമ്മയ്ക്ക് ഫോണ്‍ കൊടുക്കാറുണ്ട്. അവരുമായും പലതും സംസാരിക്കാറുണ്ട്. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റ് പല ബന്ധവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. വളരെ സ്വകാര്യമായ നിമിഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു.

ചിലര്‍ ഈ ലോകത്തുനിന്ന് പോയി എന്ന് നമുക്ക് പറയാന്‍ തോന്നില്ല. അതേക്കുറിച്ച് സംസാരിക്കാന്‍ തോന്നില്ല. നാം അത് മറക്കാന്‍ ശ്രമിക്കും. ഇവിടെ എവിടെയോ ഉണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. വളരെ വേണ്ടപ്പെട്ടവര്‍ ഇല്ലാതായവര്‍ക്ക് ആ വേദന മനസ്സിലാകും. എനിക്ക് മണി വളരെ വേണ്ടപ്പെട്ട ഒരാളായിരുന്നു. എന്തിനും കൂടെ നില്‍ക്കാം എന്ന് പറയുന്നൊരു ധൈര്യമായിരുന്നു. ചിലരുമായി പുറത്ത് കാണിക്കുന്നതിലും അപ്പുറത്തൊരു ബന്ധം നമുക്കുണ്ടാവും. മണിയുമായി ഉണ്ടായിരുന്നത് ആ അടുപ്പമാണ്.

എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യരില്‍ ഒരാളാണ് മണി. ഏത് നേരത്തും സത്യം പറയാനുള്ള ചങ്കൂറ്റം മണിക്കുണ്ടായിരുന്നു. ഒരു ചാനല്‍ മൈക്കിന് മുന്നില്‍ അനുശോചനം പറയാന്‍ എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നു. ഞാന്‍ അന്ന് രാത്രി മുഴുവന്‍ ശ്രമിച്ചത് പതിവുപോലെ ജീവിതം തിരക്കുപിടിപ്പിച്ച് മണിയുടെ വേര്‍പാട് മറക്കാനാണ്. നിറഞ്ഞുനില്‍ക്കെ പെട്ടെന്ന് ജീവിതത്തില്‍നിന്ന് പടിയിറങ്ങിപ്പോയ ഒരാളെയോര്‍ത്ത് നീറി നീറി ജീവിക്കുന്ന മണിയുടെ ഭാര്യയോടും മകളോടും എന്ത് പറയണമെന്ന് പോലും അറിയില്ല. സിനിമയിലുള്ള ഓരോരുത്തര്‍ക്കും മണിയെക്കുറിച്ച് എന്തെങ്കിലും സ്വകാര്യമായ ചില കാര്യങ്ങള്‍ പറയാനുണ്ടാവും. എല്ലാവരുടെയും ജീവിതത്തില്‍ മണി എപ്പോഴെങ്കിലും തൊട്ടുകാണും.

മണി മരിച്ച് ഫ്രീസറില്‍ കിടക്കുന്നതിന്റെ ചിത്രം വാട്ട്‌സാപ്പില്‍ കണ്ടപ്പോഴുണ്ടായ അസ്വസ്ഥത മറ്റാര്‍ക്കും മനസ്സിലാകില്ല. വീണ്ടുമതെടുത്ത് നോക്കാനാകുന്നില്ല. എന്റെ മുന്നില്‍ ജീവിത വേദനകളും കുട്ടിക്കാലവുമെല്ലാം തുറന്നുവച്ച് കണ്ണുനിറച്ച ഒരാളാണ് ഇല്ലാതായത്. അതിന് മുന്‍പ് എന്റെ മുന്നില്‍ ഒരാളും ഇത്രയും സത്യസന്ധമായി ജീവിതം തുറന്നുവച്ചിട്ടില്ല. ചില ബന്ധങ്ങളുടെ ആഴം പുറത്തുപറയാവുന്നതല്ല. അടുത്തകാലത്തൊന്നും ഒരു മരണവും എന്നെ ഇത്രയേറെ നിസ്സംഗനാക്കിയിട്ടില്ല. മരണവാര്‍ത്തയുടെ പത്രം പോലും മറിച്ചുനോക്കി ഞാന്‍ മാറ്റിവച്ചു. രണ്ട് ദിവസം വല്ലാത്ത ദിവസങ്ങളായിരുന്നു. പതിവിലും കൂടുതല്‍ ജോലി ചെയ്ത് അത് മറക്കാന്‍ നോക്കി. ഒരു മരണത്തെക്കുറിച്ച് ഇതില്‍ കൂടുതലൊന്നും പറയാന്‍ എനിക്കറിയില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News