Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 11:44 am

Menu

Published on March 24, 2017 at 10:24 am

എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരിപ്പൂരിയടിച്ച ശിവസേന എം.പിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

mps-slipper-assault-air-india-mulls-no-fly-list

ന്യൂഡല്‍ഹി: ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി മുഖത്തടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

കൂടാതെ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എം.പിക്കെതിരെ രണ്ടു പരാതികളും എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. അതേസമയം, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏര്‍പ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തയാറാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഗെയ്ക്ക്വാദിനെപ്പോലുള്ളവരെ വിമാനയാത്രകളില്‍നിന്നു വിലക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇത്തരക്കാര്‍ ടിക്കറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വിമാന കമ്പനിക്കു വിവരം ലഭിക്കുന്ന തരത്തിലാകും സംവിധാനം. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എം.പിയാണ് ഗെയ്ക്ക്വാദ്.

എയര്‍ ഇന്ത്യ ജീവനക്കാരനെ താന്‍ 25 തവണ താന്‍ അടിച്ചുവെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗെയ്ക്ക്വാദ് വെളിപ്പെടുത്തിയിരുന്നു. മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥന്‍ സുകുമാര്‍ (60) പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എം.പി വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും കണ്ണട തകര്‍ക്കുകയും ചെയ്തുവെന്ന് സുകുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പുണെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യയുടെ എ ഐ 852 വിമാനത്തിലായിരുന്നു സംഭവം. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയ ഗെയ്ക്ക്വാദിന് ആ ക്ലാസ് ലഭിക്കാതെ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കേണ്ടിവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. യാത്രയുടെ തുടക്കംമുതല്‍ ജീവനക്കാരുമായി അദ്ദേഹം തര്‍ക്കം തുടങ്ങി. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയിട്ടും എം.പി പുറത്തിറങ്ങാന്‍ തയാറായില്ല. ഇതേസമയം എം.പിയെ അനുനയിപ്പിച്ചു പുറത്തിറക്കാന്‍ ശ്രമിക്കവേയാണു സുകുമാറിനു മര്‍ദനമേറ്റത്.

വിമാനത്തില്‍ ബിസിനസ് ക്ലാസില്ലായിരുന്നുവെന്നും ഇക്കാര്യം എം.പിയെ നേരത്തേ അറിയിച്ചതാണെന്നും  എയര്‍ ഇന്ത്യ വ്യക്തമാക്കി. ബിസിനസ് ക്ലാസുള്ള പിന്നാലെ പുറപ്പെടുന്ന രണ്ടു വിമാനങ്ങളിലൊന്നില്‍ സീറ്റ് നല്‍കാമെന്നു പറയുകയും ചെയ്തിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എം.പിയുടെ പെരുമാറ്റം തെറ്റായിപ്പോയെന്നു സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ശിവസേനയും എം.പിയുടെ പെരുമാറ്റത്തെ അപലപിച്ചു. ഗെയ്ക്ക്വാദിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പാര്‍ട്ടി വക്താവ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News