Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 1:59 pm

Menu

Published on April 14, 2017 at 11:06 am

നന്തന്‍കോട് കൂട്ടക്കൊല; കാഡലിന്റെ മൊഴിമാറ്റത്തില്‍ വലഞ്ഞ് പൊലീസ്

nandancode-murder-cadel-jinson

തിരുവനന്തപുരം:  നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കാഡല്‍ ജീന്‍സണ്‍ ഓരോ ദിവസവും മൊഴി മാറ്റുന്നത് പൊലീസിന് തലവേദനയാകുന്നു. കൊലയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ പൊലീസ് വലയുകയാണ്.

പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാള്‍ ഒടുവിലായി പൊലീസിന് നല്‍കിയ മൊഴി. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ശക്തമായ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വെട്ടിനുറുക്കിയ വീട്ടിലേക്ക് കേഡല്‍ ജീന്‍സണ്‍ പുഞ്ചിരിച്ചു കൊണ്ടാണു കടന്നുചെന്നത്. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കേഡല്‍ ഉല്ലാസവാനായിരുന്നു. മുഖം ഉയര്‍ത്തിപ്പിടിച്ച് ചുറ്റും നിന്നവരെ നോക്കി പുഞ്ചിരിച്ച് വീട്ടിലേക്കു കടന്നു. ബന്ധുക്കളെയും അയല്‍വാസികളെയും പരിചയക്കാരെയും കണ്ടിട്ട് കേഡലിനു യാതൊരു ഭാവമാറ്റവുമുണ്ടായില്ല.

ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുന്നതിനിടെ കൊല നടത്തിയെന്നായിരുന്നു ആദ്യ മൊഴി. താന്‍ കൊല നടത്തിയത് എന്തിനു വേണ്ടിയെന്നു പൊലീസിനോടു ചോദിച്ചു മനസ്സിലാക്കാനാണു ചെന്നൈയിലേക്കു പോയശേഷം മടങ്ങിയെത്തിയതെന്നു രണ്ടാമതു പറഞ്ഞു. വീട്ടുകാരുടെ കടുത്ത അവഗണനയാണു കാരണമെന്നായി പിന്നീട്. ഒടുവിലാണു പിതാവിന്റെ സ്വഭാവദൂഷ്യം പറഞ്ഞത്.

ഓരോ തവണ ഇയാള്‍ കുറ്റസമ്മതം നടത്തുമ്പോഴും അതു തെളിയിക്കാനുള്ള തൊണ്ടി കണ്ടെത്താനുള്ള ശ്രമവും പൊലീസ് സമാന്തരമായി നടത്തുകയാണ്.

നഗരത്തിലെ ഒരു കടയില്‍ നിന്നു വിഷം വാങ്ങി കുപ്പിയില്‍ സൂക്ഷിച്ചിരുന്നതായി പ്രതി മൊഴി നല്‍കി. വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷക്കുപ്പി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കാഡല്‍ തന്നെ ഇതു കാണിച്ചു കൊടുത്തു എന്നാണു പൊലീസ് പറയുന്നത്. ഒരു മാസം മുമ്പു തന്നെ കൊലയ്ക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി.

ദിവസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണു കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ടത്. ഒരു മാസം മുമ്പു തന്നെ ഓണ്‍ലൈനിലൂടെ ആയുധം വാങ്ങി. വീടിനു പുറത്തു ടര്‍ക്കി കോഴികളെ വളര്‍ത്തിയിരുന്ന കാഡല്‍, കോഴിക്കൂടിനു സമീപമുണ്ടായിരുന്ന മരത്തില്‍ വെട്ടി മഴു ഉപയോഗിക്കാന്‍ പരിശീലിച്ചു.

ഡമ്മിയായി നിര്‍മിച്ച ശരീരത്തില്‍ വെട്ടിയും പരിശീലനം തുടര്‍ന്നു. അച്ഛനമ്മമാരെ മഴു കൊണ്ടു വെട്ടിയും അമ്മയുടെ ബന്ധുവിനെ തലയ്ക്കടിച്ചുമാണു കൊലപ്പെടുത്തിയതെന്നു കാഡല്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ആദ്യ ശ്രമത്തില്‍ സഹോദരി മരിച്ചില്ല. വീണ്ടും വീണ്ടും വെട്ടി കൊലപ്പെടുത്തി എന്നാണു മൊഴി.

കുടുംബാംഗങ്ങളെ ഒരോരുത്തരെയായി വകവരുത്തിയ രീതിയും പ്രതി പൊലീസിനോടു വിശദീകരിച്ചു. സ്ഥിരം മദ്യപനായിരുന്ന പിതാവ് റിട്ട. പ്രഫ. രാജ് തങ്കത്തെ പറഞ്ഞു വിലക്കണമെന്ന് അമ്മ ജീന്‍ പത്മയോടു പലതവണ ആവശ്യപ്പെട്ടിട്ടും മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന്, കൊലപാതകത്തിനു വേണ്ടി ആസൂത്രണം നടത്തുകയായിരുന്നു.

മാതാപിതാക്കളെ മാത്രം കൊലപ്പെടുത്തിയാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും തനിച്ചാകുമെന്നതിനാലാണ് എല്ലാവരെയും വകവരുത്തിയത്.

മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ പമ്പിലും ചെന്നൈയിലും ഇയാളെ കൊണ്ടുപോയി ഇനി തെളിവെടുപ്പു നടത്തും. അഞ്ചു ദിവസത്തെ കസ്റ്റഡിക്കു ശേഷം തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

എട്ടാം തീയതിയാണ് നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ ഡോ. ജീന്‍ പദ്മ, പ്രൊഫ. രാജ തങ്കം, കരോലിന്‍, ലളിത എന്നിവരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News