Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:44 pm

Menu

Published on May 10, 2013 at 6:19 am

പാകിസ്താനിൽ നാളെ വോട്ടെടുപ്പ്

pakistan-election-tomorrow

ഇസ്ലാമാബാദ്: സമ്പൂര്‍ണ ജനാധിപത്യ പാകിസ്താന്‍ എന്ന പ്രതീക്ഷയിലേക്ക് പാക് ജനത നാളെ വോട്ടു രേഖപ്പെടുത്തും.
പൊതു തെരഞ്ഞെടുപ്പ്് മേയ് 11ന് നടക്കാനിരിക്കെ, പാര്‍ട്ടികളും മുന്നണികളും അവസാനവട്ട ഒരുക്കത്തിലാണ്. അക്രമപരമ്പരകളും അനിഷ്ട സംഭവങ്ങളും അരങ്ങേറുമ്പോഴും, രാജ്യചരിത്രത്തിലാദ്യമായി ജനാധിപത്യ ഭരണകൂടം മറ്റൊരു ജനാധിപത്യ ഭരണകൂടത്തിന് അധികാരം കൈമാറുന്ന ധന്യമുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് ഇന്ത്യയുടെ അയല്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകന്‍ അലി ഹൈദര്‍ ഗീലാനിയെ തട്ടിക്കൊണ്ടുപോയ സംഭവമാണ് അനിഷ്ടസംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്.
ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പിനെ ‘രക്തത്തില്‍ കുളിപ്പിക്കു’മെന്ന ഭീഷണിയുമായി പാക് താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തുമെന്ന് അവകാശപ്പെട്ട് പാക് താലിബാന്‍േറതെന്നു പറയുന്ന കത്ത് പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയില്‍ അവാമി നാഷനല്‍ പാര്‍ട്ടിയുടെ പൊതുയോഗത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതിനു പുറമെ, ഖൈബര്‍ പക്തൂണ്‍വാല പ്രവിശ്യയിലെ ബന്നു ജില്ലയില്‍ അരങ്ങേറിയ ചാവേര്‍ സ്ഫോടനത്തില്‍ മൂന്നു പേരും മരിച്ചു. അക്രമസംഭവങ്ങളില്‍ വിഹ്വലരാവാതെ അന്ത്യഘട്ട പ്രചാരണപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുകയാണ് പാര്‍ട്ടികള്‍.
ഏറ്റവും പ്രമുഖ പാര്‍ട്ടികളായ പാകിസ്താന്‍ മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍), പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി (പി.പി.പി), തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി എന്നിവ പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറിയ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി തങ്ങളുടെ നേതാവിന് അപ്രതീക്ഷിതമായി വന്നുപെട്ട അപകടത്തില്‍ പകച്ചുപോയിരിക്കുകയാണ്. മുന്‍ ക്രിക്കറ്റ് താരം കൂടിയായ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി തലവന്‍ ഇംറാന്‍ ഖാന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിക്കിടെ വേദി തകര്‍ന്ന് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് വോട്ടുചെയ്യാന്‍ എത്താനാകില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യാഴാഴ്ച അറിയിച്ചിരിക്കുകയാണ്.
അതേസമയം, ആശുപത്രിക്കിടക്കയില്‍വെച്ച് തെരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യുകയുണ്ടായി.
സര്‍വേ ഫലങ്ങള്‍ പറയുന്നു… ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല; മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷി
ഇസ്ലാമാബാദ്: ശനിയാഴ്ച പാകിസ്താനില്‍ നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞെടുപ്പില്‍ രാജ്യത്തെ മൂന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ. എന്നാല്‍, മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പാകിസ്താന്‍ മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍) കൂടുതല്‍ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും ഹെറാള്‍ഡ് മാഗസിന്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. മാര്‍ച്ചില്‍ നടത്തിയ സര്‍വേയുടെയും തുടര്‍ന്ന് വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും സമാഹരിച്ചാണ് ഹെറാള്‍ഡ് ഫലം പുറത്തുവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ മുസ്ലിം ലീഗിന് 34.89 ശതമാനം വോട്ടു ലഭിക്കുമെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 24.89 ശതമാനം വോട്ടു നേടി പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയാകും. മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്‍െറ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി 12.11 ശതമാനം വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തും. പി.എം.എല്‍-എന്‍ 44 ശതമാനം സീറ്റ് നേടുമെന്നാണ് വിദഗ്ധ സമിതിയിലെ ഒരംഗം അഭിപ്രായപ്പെട്ടത്. എന്നാല്‍, 30 ശതമാനത്തിനു താഴെ മാത്രം സീറ്റുകളേ പി.എം.എല്‍-എന്നിനു ലഭിക്കുകയുള്ളൂവെന്ന് രണ്ടംഗങ്ങള്‍ നിരീക്ഷിച്ചു. സമിതിയിലെ മുഴുവന്‍ അംഗങ്ങളും പാര്‍ട്ടിക്ക് 25ശതമാനത്തിനു മുകളില്‍ വോട്ടു ലഭിക്കുമെന്ന അഭിപ്രായക്കാരാണ്. പാകിസ്താനില്‍ തരംഗം സൃഷ്ടിച്ച ഇംറാന്‍ ഖാന്‍െറ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് പരമാവധി 16 ശതമാനം സീറ്റുകള്‍ ലഭിക്കും.
ഹിന്ദ്കൊ, പഞ്ചാബി വിഭാഗക്കാരാണ് നവാസ് ശരീഫിന്‍െറപ്രധാന വോട്ടുബാങ്ക്. ഹിന്ദ്കൊ വിഭാഗത്തില്‍ നിന്ന് 49 ശതമാനവും 48 ശതമാനം പഞ്ചാബി വോട്ടുകളുമായിരിക്കും പി.എം.എല്‍-എന്‍ പാര്‍ട്ടിക്ക് ലഭിക്കുക. അതേസമയം, 52 ശതമാനം സിന്ധി വിഭാഗത്തിന്‍െറ വോട്ടും പി.പി.പിക്കായിരിക്കും. പക്തൂണ്‍ വിഭാഗത്തിന്‍െറ 38 ശതമാനം വോട്ടുകളും അവാമി നാഷനല്‍ പാര്‍ട്ടി നേടുമെന്നും സര്‍വേ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News