Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:57 am

Menu

Published on September 21, 2017 at 3:54 pm

പറന്നുയർന്ന് ഈ പറവ.. – റിവ്യൂ

parava-malayalam-movie-review

പറന്നുയര്‍ന്ന് ഈ പറവ..
# റിവ്യൂ

സംവിധാന സഹായിയായി രംഗത്തെത്തി, പിന്നീട് നടനായി തിളങ്ങി, ഇപ്പോഴിതാ സംവിധായകന്റെ വേഷവുമണിഞ്ഞിരിക്കുകയാണ് പറവയിലൂടെ സൗബിന്‍ ഷാഹിര്‍. പറവ എന്ന തന്റെ ഈ ആദ്യ ചിത്രത്തിലൂടെ മികച്ചൊരു സിനിമാ അനുഭവം തന്നെയാണ് സൗബിന്‍ ഒരുക്കിയിരിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍ എന്ന നടന്റെ അപാര സ്‌ക്രീന്‍ പ്രെസെന്‍സ്, അഭിനയിച്ച ഓരോരുത്തരുടെയും മികവുറ്റ പ്രകടനം, കഥ കൊണ്ടുപോകുന്ന രണ്ടു പുതുമുഖ ബാലനടന്മാരുടെ തന്മയത്വം നിറഞ്ഞ അഭിനയം, സംഭാഷണങ്ങളില്‍ നിറഞ്ഞു നിന്ന തീവ്രത, മട്ടാഞ്ചേരിയുടെ ഹൃദയം തൊട്ടറിഞ്ഞ രംഗങ്ങള്‍, ഓരോ സീനുകളോടും താല്പര്യം ജനിപ്പിക്കുന്ന റെക്സ് വിജയന്റെ അപാര പശ്ചാത്തല സംഗീതം തുടങ്ങി സിനിമയെ കുറിച്ചു പറയാന്‍ വിശേഷങ്ങളേറെ..

കൊച്ചിയുടെ വിരിമാറില്‍ നിലകൊള്ളുന്ന മട്ടാഞ്ചേരിക്ക് പലപ്പോഴും പറയാറുണ്ടാവല്‍ മട്ടാഞ്ചേരി ഗുണ്ടകളുടെയും മറ്റും കഥകളാണല്ലോ.. എന്നാല്‍ ഇവിടെ സൗബിന്‍ നമുക്ക് കാണിച്ചു തരുന്നത് ഒരുപിടി പറവകളെയാണ്. പ്രാവ് പറപ്പിക്കല്‍ മത്സരങ്ങള്‍ സ്ഥിരമായി നടക്കാറുള്ള ഇവിടത്തെ ഒരുപറ്റം മനുഷ്യജീവികളുടെയും അവരുടെ കൂടെ അല്‍പ്പം പ്രാവുകളുടെയും കഥ. സ്‌നേഹത്തിന്റെയും സഹൃദത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും കുടുംബ ബന്ധങ്ങളുടെയും കഥ കൊച്ചിയുടെ തനത് ഭാഷയില്‍ ‘കട്ട ലോക്കല്‍’ ആയി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

അര മണിക്കൂറില്‍ താഴെ മാത്രം സിനിമയില്‍ വന്ന് ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന ദുല്‍ക്കര്‍ സല്‍മാന്‍ എന്ന നടന്റെ വേറിട്ടൊരു പ്രകടനമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കൊച്ചി ഭാഷ സംസാരിച്ചു കൊണ്ട് ശക്തമായ ഒരു കഥാപാത്രവുമായി അദ്ദേഹം നമ്മളെ ഞെട്ടിക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരുടെ കഥ കഴിവതും റിയലിസ്റ്റിക് ആയി തന്നെ സൗബിന്‍ അവതരിപ്പിച്ചെങ്കിലും ചിത്രത്തിന്റെ കഥ പറയുന്ന ശൈലി ചിലര്‍ക്ക് ഒരു തൃപ്തി വരുത്താതെ വന്നേക്കാം.

നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോക്, നടന്‍ സൈനുദീന്റെ മകന്‍ സിനില്‍ സൈനുദ്ധീന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായ രണ്ടു കുട്ടികളെ അവതരിപ്പിച്ചിരിക്കുന്നത്. ഷൈന്‍ നിഗം, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ഗ്രിഗറി, ആഷിക് അബു, ശ്രിന്ദ, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങി കരുത്തുറ്റൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഒപ്പം ദുല്‍ക്കര്‍ സല്‍മാനെ കൂടാതെ സൗബിനും ചിത്രത്തില്‍ മികച്ചൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പ്രധാന ഷൂട്ടിംഗ് ഷെഡ്യൂള്‍ 95 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയായെങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പ്രാവുകളുടെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായിരുന്നു ഇത്രയും സമയമെടുത്തത്. ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. സിനിമയുടെ മാസ്മരിക പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത് റെക്സ് വിജയനാണ്. ചിത്രത്തില്‍ എടുത്തുപറയേണ്ട ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലിറ്റില്‍ സ്വയമ്പും ആണ്.

ഒരുവിധം എല്ലാ പ്രേക്ഷകരെയും തൃപത്തിപ്പെടുത്താവുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സിനിമ ആയതിനാല്‍ തീര്‍ച്ചയായും കണ്ടു നോക്കാവുന്നതാണ്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മലയാള സിനിമയുടെ മാറ്റങ്ങളില്‍ ഇത്തരത്തിലുള്ള ഓരോ ചിത്രങ്ങളും ഓരോ സംഭാവനകള്‍ തന്നെയാണ്. അന്‍വര്‍ റഷീദ് അതിനു മുന്‍കൈ എടുത്തതും സൗബിന്‍ സാഹിര്‍ എന്ന ഒരു നടനിലുപരി മികവുറ്റ ഒരു സംവിധായകനെ കൂടെ നമുക്ക് കിട്ടിയതിലും ഓരോ സിനിമാപ്രേമിക്കും അഭിമാനിക്കാം.. ഒപ്പം നമുക്കൊന്നിച്ചു പറത്താം ഈ പറവകളെ.. പറന്നുയരട്ടെ ഈ പറവ.

റേറ്റിംഗ്: 3.8/5

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News