Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരീസ്: പ്രണയം പൂട്ടുകളില്‍ അടയാളപ്പെടുത്താനുള്ള പ്രേമപ്പൂട്ടുകള്‍ പെരുകിയപ്പോള്‍ പാരീസിലെ പ്രശസ്തമായ പാലത്തിന്റെ ഇരുമ്പ് കൈവരി അടര്‍ന്നു വീണു. പ്രണയം രേഖപ്പെടുത്താന്‍ യുവസന്ദര്‍ശകര്‍ കണ്ടെത്തിയ വഴിയാണ് പ്രേമപ്പൂട്ടുകള്‍. ഇരുമ്പ് പൂട്ടുകളില്‍ കാമുകീ കാമുകന്‍മാരുടെ പേരുകള്‍ എഴുതി വെച്ച് അവ പാലത്തിന്റെ കൈവരികളില്‍ കുടുക്കിയിടുന്നതാണ് ഈ സമ്പ്രദായം. താക്കോലുകള്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് എറിഞ്ഞു കളയാറാണ് പതിവ്. ഇത്തരം ഇരുമ്പു പൂട്ടുകള്‍ പലാത്തില്‍ പെരുകിയതിനെ തുടര്‍ന്നാണ് ഭാരം താങ്ങാനാവാതെ പാലത്തിന്റെ കൈ വരി നിലം പതിച്ചത്.
റഷ്യയില്‍നിന്നു വന്നതാണ് പ്രേമപ്പൂട്ടുകളുടെ രീതിയെന്നാണ് വിവരം. പിന്നീട്, യൂറോപ്പിലെങ്ങും ഇത് വ്യാപകമായി. ഇവിടെ എത്തുന്ന കമിതാക്കള്‍ പൂട്ടുകള്‍ വാങ്ങി അതില്‍ സ്വന്തം പേരുകള്‍ എഴുതി വെച്ച ശേഷം അവ കൈവരികളില്‍ കോര്‍ത്തിടുകയാണ് ചെയ്യുന്നത്. പാലത്തിന്റെ നീണ്ട കൈവരി മുഴുവന്‍ ഒരിടവും ബാക്കിയില്ലാതെ ഇത്തരം പ്രേമപ്പൂട്ടുകളായിരുന്നു. ഏഴ് ലക്ഷത്തോളം പൂട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിന്റെ ഭാരം താങ്ങാനാവാതെയാണ് കൈവരി വീണത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കുശേഷം ജര്‍മ്മനിയുടെ അക്രമത്തില്‍ പാലത്തിന് സംഭവിച്ച കേടുപാടുകള്‍ തീര്‍ത്ത് 1980 ല്‍ പാലം പുനര്‍നിര്‍മ്മിച്ചിരുന്നു. പാരീസിലെ പൗരാണിക സ്വത്തുക്കളുടെ ഗണത്തില്‍ പെടുന്ന പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഉണ്ടാക്കിയ തട്ടിപ്പ് പാലത്തെ തകര്‍ക്കുമെന്നാണ് ഇവരുടെ വാദം. പാലത്തിന്റെ കൈവരി തകര്‍ന്നതോടെ ഇവരുടെ പ്രതിഷേധം വര്‍ധിച്ചിട്ടുണ്ട്.ലൗ ലോക്കുകളുടെ ഭാരം താങ്ങാനാകാതെ പാലത്തിന്റെ കൈവരി തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേടുപാടുകള്‍ തീര്‍ക്കാന്‍ പാലം അടച്ചിരുന്നു. തകര്‍ന്ന കൈവരികള്‍ ശരിയാക്കിയശേഷമാണ് പാലം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്.
Leave a Reply